| Thursday, 24th June 2021, 8:51 am

തേവലക്കര ബാദുഷയുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തേക്ക്; തെക്കന്‍ കേരളത്തില്‍ ലീഗിന് പ്രതിസന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ കനത്ത പ്രതിസന്ധി. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് വിട്ട് നേതാക്കള്‍ ഇടതുപക്ഷത്തേക്കെത്തുന്നു.

മുസ്‌ലിം ലീഗ് ചവറ നിയോജകമണ്ഡലം സെക്രട്ടറിയും ബഹ്റൈന്‍ കെ.എം.സി.സി. തെക്കന്‍ മേഖലാ കോഡിനേറ്ററുമായ തേവലക്കര ബാദുഷയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് വിട്ട് കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി(എല്‍) യില്‍ ചേര്‍ന്നത്. ലീഗിന്റെ അധഃപതനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് വിട്ട് ഇടതുപക്ഷത്തേക്കെത്തിയത്.

തെക്കന്‍ ജില്ലകളില്‍ അസംതൃപ്തരായ പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ കൂട്ടത്തോടെ ലീഗ് വിടുമെന്നാണ് ബാദുഷയടക്കമുള്ള നേതാക്കള്‍ പറയുന്നത്.

ലീഗില്‍ മലബാറിലെയും തെക്കന്‍ ജില്ലയിലെയും പ്രവര്‍ത്തകരെ രണ്ടു തരം പൗരന്മാരായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടി തന്നെ പ്രവര്‍ത്തകരെ അവഗണിക്കുന്നതിനാല്‍ യു.ഡി.എഫില്‍ പോലും ലീഗിന് വിലയില്ലാതാകുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് ലീഗിന്റെ ആത്മാഭിമാനം നഷ്ടമാക്കി എന്ന ആരോപണം തെക്കന്‍ ജില്ലയില്‍ നേരത്തേ ശക്തമാണ്. ദേശീയ തലത്തില്‍ മുസ്‌ലിം ലീഗിനെ കളങ്കപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ മത്സരം വഴിവെച്ചുവെന്നാണ് പരാതി.

സമസ്തയുടെ ഒരുവിഭാഗം പാര്‍ട്ടിയെ പിന്തുണയ്ക്കാത്തതും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിചാരിച്ചത്ര ഫലമുണ്ടാക്കിയില്ലെന്ന് ലീഗില്‍ ആരോപണമുയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ കേന്ദ്ര കാബിനറ്റില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സ്വപ്നം കണ്ടാണ് നിയമസഭാ അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുകയും നിര്‍ണായക സമയങ്ങളില്‍ ഓടിയൊളിക്കുകയും ചെയ്ത കുഞ്ഞാലിക്കുട്ടി കേരളത്തില്‍ യു.ഡി.എഫ്. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാവാമെന്ന പ്രതീക്ഷയില്‍ ലോകസഭാ അംഗത്വം രാജിവെച്ച് നിയമസഭയില്‍ മത്സരിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ആരോപണം.

ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യാനോ തിരുത്താനോ ഉള്ള സംഘടനാ ശേഷി ഇല്ലാത്ത പാര്‍ട്ടിയായി ലീഗ് മാറി എന്നും തെക്കന്‍ ജില്ലയിലെ നേതാക്കള്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: South district Muslim league leadership in crisis; leaders comes to left front

We use cookies to give you the best possible experience. Learn more