| Thursday, 12th September 2024, 6:30 pm

അര്‍ജന്റീനയില്‍ മെസിക്ക് പകരക്കാരനാകാന്‍ റൊണാള്‍ഡോയുടെ ഫാന്‍ ബോയ്ക്ക് സാധിക്കും: ഫുട്‌ബോള്‍ വിദഗ്ധന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ നാഷണല്‍ ടീമില്‍ ലയണല്‍ മെസിക്ക് പകരക്കാരനാകാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം അലജാന്‍ഡ്രോ ഗര്‍ണാച്ചോക്ക് സാധിക്കുമെന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ വിദഗ്ധന്‍ ടിം വിക്കറി.

ഏയ്ഞ്ചല്‍ ഡി മരിയയുടെ പടിയിറക്കവും മെസിയുടെ പരിക്കും തുടരുന്ന സാഹചര്യത്തില്‍ ഗര്‍ണാച്ചോയുടെ പ്രകടനം ആല്‍ബിസെലസ്റ്റിന് നിര്‍ണായകമാകുമെന്നാണ് വിക്കറി അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ടോക്‌സ്പാര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് വിക്കറി ഗര്‍മാച്ചോയെ കുറിച്ച് സംസാരിച്ചത്.

‘മെസി പരിക്കേറ്റ് പുറത്താണ്. ഇനിയെത്ര കാലം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. ഇക്കാരണംകൊണ്ടുതന്നെ അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഭാവിയെന്താണതിന്റെ സൂചനയാണ് ഈ മത്സരങ്ങള്‍ നല്‍കുന്നത്. മെസിയുടെ റോളില്‍ ജൂലിയന്‍ അല്‍വാരസാണ് ഈ മത്സരങ്ങളില്‍ കളത്തിലിറങ്ങിയത്.

കൊളംബിയക്കെതിരെയും ചിലിക്കെതിരെയും അവര്‍ മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മെസിയുടെയും ഡി മരിയയുടെ അഭാവത്തില്‍ അവസാന നിമിഷങ്ങളില്‍ ഡ്രിബിള്‍ ചെയ്ത് എതിരാളികളെ കബളിപ്പിക്കാന്‍ സാധിക്കുന്ന ഒരാളുടെ കുറവ് ടീമിലുണ്ട്. എതിരാളികളുടെ പ്രതിരോധം മറികടന്ന് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യാന്‍ സാധിക്കുന്ന ഒരാളുടെ കുറവ്,’ വിക്കറി പറഞ്ഞു.

ആ ഒരു താരമാകാന്‍ ഗര്‍ണാച്ചോക്ക് സാധിക്കുമെന്നാണ് വിക്കറി അഭിപ്രായപ്പെട്ടത്.

‘യുണൈറ്റഡില്‍ വളരെ വലിയൊരു സീസണാണ് ഗര്‍ണാച്ചോക്ക് മുമ്പിലുള്ളതെന്നാണ് എനിക്ക് തോന്നുന്നത്. ആ ഒരു താരമാകാന്‍ അവന് സാധിക്കും. ഒരുപക്ഷേ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലായിരിക്കാം, ബെഞ്ചിന് പുറത്തായിരിക്കാം. എന്നിരുന്നാലും അവനാകും ആ ലൈന്‍ ബ്രേക്കര്‍ എന്നാണ് എനിക്ക് തോന്നുന്നത്,’ വിക്കറി കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് കപ്പ് ക്വാളിഫയറില്‍ എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമായി 18 പോയിന്റോടെ ഒന്നാമതാണ് അര്‍ജന്റീന. അവസാന മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊളംബിയ അര്‍ജന്റീനയെ തോല്‍പിച്ചത്.

വെനസ്വലെക്കെതിരെയാണ് അര്‍ജന്റീനക്ക് അടുത്ത മത്സരം കളിക്കാനുള്ളത്. ഒക്ടോബര്‍ 11ന് നടക്കുന്ന മത്സരത്തിന് എസ്റ്റാഡിയോ മോണുമെന്റലാണ് വേദി.

Content Highlight: South American football expert says Alejendro Garnacho can replace Lionel Messi in Argentine national team

We use cookies to give you the best possible experience. Learn more