Advertisement
IPL
എനിക്കും ഐ.പി.എല്ലില്‍ ക്യാപ്റ്റനാവണം; ഒറ്റ ഐ.പി.എല്‍ പോലും കളിക്കാതെ വമ്പന്‍ ആഗ്രഹവുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 05, 04:26 am
Sunday, 5th June 2022, 9:56 am

തനിക്കും ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ മോഹമുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെ ലിമിറ്റഡ് ഓവര്‍ നായകന്‍ തെംബ ബെവുമ. ഐ.പി.എല്‍ പോലെ ഒരു ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാന്‍ മോഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെവുമ ഇക്കാര്യം പറഞ്ഞത്.

‘എനിക്കും അവിടെ വന്ന് കളിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്റെ പ്രകടനം എത്രത്തോളം മികച്ചതും ശക്തവുമാവുന്നോ അത്രത്തോളം അവസരങ്ങള്‍ എന്നെ തേടിയെത്തും.

ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുക എന്നത് ഇപ്പോള്‍ എന്റെ സ്വപ്‌നമാണ്. എവിടുന്നാണ് ആ ആഗ്രഹം മനസില്‍ കയറിയത് എന്നെനിക്കറിയില്ല, പക്ഷേ അത് അനുഭവിച്ചറിയാന്‍ എനിക്ക് മോഹമുണ്ട്.

പക്ഷേ അക്കാര്യം സാധ്യമാവണമെങ്കില്‍ അതിപ്രധാനമായ മറ്റൊരു കാര്യം കൂടി ഞാന്‍ ചെയ്യേണ്ടതുണ്ട്. ആദ്യം ഞാന്‍ ഏതെങ്കിലും ടീമില്‍ ഇടം നേടി ഐ.പി.എല്‍ കളിക്കണം,’ ബെവുമ പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നുണ്ടെന്നും തനിക്കും ഐ.പി.എല്ലിന്റെ ഭാഗമാവണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് 2022 ഐ.പി.എല്ലില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചത്. ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടമണിയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരമാണ്.

മില്ലറിന് പുറമെ ടൂര്‍ണമെന്റിലെ ഹൈ സ്‌കോര്‍ സ്വന്തമാക്കിയ ക്വിന്റണ്‍ ഡി കോക്കും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുന്തമുനയായ കഗീസോ റബാദയും ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരങ്ങളാണ്.

കൂടാതെ എയ്ഡന്‍ മര്‍ക്രം, മാര്‍കോ ജെന്‍സന്‍ എന്നിവരും ജൂനിയര്‍ ഡി വില്ലിയേഴ്‌സ് ഡെവാള്‍ഡ് ബ്രെവിസും ഐ.പി.എല്‍ 2022ല്‍ താരങ്ങളായിരുന്നു.

 

Content Highlight: South Afrikan Skipper Temba Bavuma says he wants to captain a franchise in the Indian Premier League