18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ അമ്പയര്‍ മറായിസ് ഇറാസ്മസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. വെല്ലിങ്ടണില്‍ നടക്കുന്ന ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിലാണ് 60 കാരന്‍ വിടവാങ്ങല്‍ അറിയിച്ചത്.
കളിയിലെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളായിരുന്നു ഇറാസ്മസ്. 2006ല്‍ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി ട്വന്റിയിലാണ് ഇറാസ്മസ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്.
ശേഷം 80 ടെസ്റ്റുകളിലും 124 ഏകദിനങ്ങളിലും 43 ടി-ട്വന്റിയിലും പുരുഷ ക്രിക്കറ്റില്‍ താരം അമ്പയര്‍ നിന്നിരുന്നു. ടി ട്വന്റി വുമണ്‍സില്‍ 18 മത്സരങ്ങളും നിയന്ത്രിച്ച് ഇറാസ്മസ് തന്റെ സാന്നിധ്യം അറിയിച്ചു.
കൂടാതെ ഫോര്‍മാറ്റുകളില്‍ ഉടനീളം 131 അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹം തേര്‍ഡ് അമ്പയര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇറാസ്മസ് തന്റെ കുടുംബം ഒത്ത് ചെലവഴിച്ച കുറഞ്ഞ സമയത്തെ എടുത്തു കാണിച്ചു കൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏപ്രിലില്‍ തന്റെ കരാര്‍ അവസാനിപ്പിക്കാന്‍ ഐ.സി.സിയെ റാസ്മസ് അറിയിച്ചിട്ടുണ്ട്.
2016, 2017, 2021 എന്നീ വര്‍ഷങ്ങളില്‍ മികച്ച അമ്പയര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ മറ്റു ശ്രദ്ധേയമായ അംഗീകാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഇതിഹാസ താരം സൈമണ്‍ ടൗഫലിനു ശേഷം ഈ അംഗീകാരം സ്വന്തമാക്കുന്നത് ഇദ്ദേഹമാണ്.
അമ്പയറിങ്ങിന് മുമ്പ് ഇറാസ്മസ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്നെയായിരുന്നു. 53 ഫസ്റ്റ് ക്ലാസ്, 54 ലിസ്റ്റ് എ മത്സരങ്ങള്‍ എന്നിവ അദ്ദേഹം കളിച്ചിരുന്നു. രണ്ടായിരത്തിലധികം റണ്‍സും നേടിയ ഓള്‍ണ്ടര്‍ 179 വിക്കറ്റുകളും സ്വന്തമാക്കി യിട്ടുണ്ട്.
Content highlight: South African umpire Marais Erasmus has announced his retirement