ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടി-20 ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിട്ടും പരാജയപ്പെടാനായിരുന്നു ഇന്ത്യന്‍ പടയുടെ വിധി.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ വമ്പനടികള്‍ക്ക് പുറമെ ഇന്ത്യന്‍ നായകന്‍ റിഷബ് പന്തിന്റെ മോശം തീരുമാനങ്ങളുമാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.
വാന്‍ ഡെര്‍ ഡുസനും ഡേവിഡ് മില്ലറുമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരെ കശക്കിയെറിഞ്ഞത്. ഇരുവരുടെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ വിജയപരമ്പര അവസാനിപ്പിച്ചത്.
ഇപ്പോഴിതാ, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കാന്‍ തന്നെ സജ്ജനാക്കിയത് ഐ.പി.എല്ലാണെന്ന് തുറന്നു പറയുകയാണ് വാന്‍ ഡെര്‍ ഡുസന്‍. ഇന്ത്യന്‍ പിച്ചിന്റെ ശൈലിയും ബൗളര്‍മാരുടെ രീതിയും മനസിലാക്കാന്‍ ഐ.പി.എല്‍ സഹായിച്ചു എന്നും ഡുസന്‍ പറയുന്നു.
‘ഇന്ത്യയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ എന്നെ സഹായിച്ചത് ഐ.പി.എല്ലാണ്. ഐ.പി.എല്‍ കാരണം ബൗളര്‍മാര്‍ എവിടെയാവും എറിയുന്നതെന്നും എന്താവും പിച്ചിന്റെ അവസ്ഥയെന്നെല്ലാം കൃത്യമായി മനസിലാക്കന്‍ സാധിച്ചു. ഒരുപാട് താരങ്ങളാണ് ഐ.പി.എല്‍ കളിക്കുന്നത്,’ ഡുസന്‍ പറയുന്നു.
ഐ.പി.എല്ലില്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു വാന്‍ ഡെര്‍ ഡുസെന്‍. എന്നാല്‍ പലപ്പോഴും താരം ബെഞ്ചില്‍ തന്നെയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവുമധികം ആക്രമണകാരിയായത് വാന്‍ ഡെര്‍ ഡുസെന്‍ തന്നെയായിരുന്നു. 46 പന്തില്‍ നിന്നും 75 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
ഏഴ് ഫോറും നാല് സിക്‌സറുമടക്കം 163.04 പ്രഹരശേഷിയിലായിരുന്നു വാന്‍ ഡെര്‍ ഡുസന്റെ ആറാട്ട്.
ഡുസനൊപ്പം തന്നെ ഇന്ത്യയെ തരിപ്പണമാക്കിയതും മറ്റൊരു ഐ.പി.എല്‍ സ്റ്റാര്‍ തന്നെയായിരുന്നു. 31 പന്തില്‍ നിന്നും നാല് ഫോറും അഞ്ച് സിക്‌സറുമടക്കം 64 റണ്‍സെടുത്ത് മില്ലര്‍ ഒരിക്കല്‍ക്കൂടി കില്ലറായപ്പോള്‍ തോല്‍ക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ നിവര്‍ത്തി ഉണ്ടായിരുന്നില്ല.
ഏഴ് വിക്കറ്റും അഞ്ച് പന്തും ബാക്കിനില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും പ്രോട്ടീസിനായി.