ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്ക; നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കും
World News
ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ദക്ഷിണാഫ്രിക്ക; നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 8:49 pm

പ്രെട്ടോറിയ: ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കാനും പ്രെട്ടോറിയയിലെ ഇസ്രഈലിന്റെ എംബസി അടച്ചുപൂട്ടാനും തീരുമാനിച്ച് ദക്ഷിണാഫ്രിക്ക.

ഇതിനുള്ള പ്രമേയത്തെ പിന്തുണക്കുമെന്ന് ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ (എ.എൻ.സി) അറിയിച്ചു. ഗസയിലെ ഇസ്രഈലി ആക്രമണത്തെ അപലപിച്ച ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെയുള്ള യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വെടിനിർത്തലിന് ഇസ്രഈൽ സമ്മതിക്കുന്നത് വരെ അവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണത്തെ പിന്തുണക്കുമെന്ന് എ.എൻ.സി വക്താവ് മഹ്‌ലെങ്കി ഭേങ്കു മോൽസിരി പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സാണ് പ്രമേയം അവതരിപ്പിച്ചത്.

ഇസ്രഈൽ ഭരണകൂടം നടത്തുന്ന വംശീയ ഉന്മൂലനം വെറുതെ കണ്ടുകൊണ്ടിരിക്കാനാവില്ല എന്നും മഹ്‌ലെങ്കി പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഇസ്രായേലിനെതിരെയുള്ള യുദ്ധക്കുറ്റം അന്വേഷിക്കണമെന്ന് താൻ ശുപാർശ ചെയ്തതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മറ്റു രാജ്യങ്ങൾക്കൊപ്പം ചേർന്നാണ് നിർദേശം മുന്നോട്ടുവച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: South African ruling party backs cutting ties with Israel