കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രസിഡന്‍റുമായിരുന്ന നെല്‍സണ്‍ മണ്ടേല കഴിഞ്ഞിരുന്ന ജയിലറയുടെ താക്കോല്‍ വില്‍പനക്ക് വെച്ചതിനെ എതിര്‍ത്ത് രാജ്യത്തെ മന്ത്രി.
കേപ്ടൗണിലെ റോബന്‍ ഐലന്‍ഡ് പ്രിസണ്‍ സെല്‍ ജയിലറയുടെ വില്‍പനക്കായി അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലേലം റദ്ദാക്കണമെന്നാണ് ദക്ഷിണാഫ്രിക്കയിലെ കാബിനറ്റ് മന്ത്രി നതി തെത്വ ആവശ്യപ്പെട്ടത്.
ന്യൂയോര്‍ക്കിലെ ഗേണ്‍സി ഓക്ഷന്‍ ഹൗസ് ആണ് ലേലം സംഘടിപ്പിക്കുന്നത്. നെല്‍സണ്‍ മണ്ടേലയുമായി ബന്ധപ്പെട്ട വിവിധ സ്മാരകങ്ങള്‍ വില്‍ക്കുന്നത് ഇവരാണ്.
”നമ്മുടെ രാജ്യത്തിന്റെ വേദന നിറഞ്ഞ ചരിത്രത്തെക്കുറിച്ചും അതില്‍ ഈ താക്കോലിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഗേണ്‍സി ഓക്ഷന്‍ ഹൗസിന് നന്നായറിയാം.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ലേലം നടത്തുന്നത് ഗുരുതരമായ പിഴവാണ്. ഇത് ദക്ഷിണാഫ്രിക്കന്‍ ജനതക്ക് അവകാശപ്പെട്ട താക്കോലാണ്. അല്ലാതെ ആരുടെയും സ്വകാര്യ സ്വത്തല്ല” കലാ-കായിക-സാംസ്‌കാരിക വകുപ്പ് മന്ത്രി നതി തെത്വ പ്രതികരിച്ചു.
ലേലം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറയുന്നു.
നെല്‍സണ്‍ മണ്ടേലയുടെ പേരില്‍ അദ്ദേഹത്തിന്റെ ശവക്കല്ലറക്ക് സമീപം സ്മാരക മ്യൂസിയവും ഉദ്യാനവും സ്ഥാപിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് ലേലം നടത്തുന്നത്.
മണ്ടേലയുടെ കുടുംബം തന്നെ ലേലത്തിന് വെക്കേണ്ട സാധനങ്ങള്‍ ഓക്ഷന്‍ ഹൗസിന് കൈമാറുകയായിരുന്നു. ഇക്കൂട്ടത്തിലാണ് ജയിലറയുടെ താക്കോലും ഉള്‍പ്പെടുന്നത്.