| Friday, 7th October 2022, 3:57 pm

യുവരാജിന്റെ തകര്‍പ്പന്‍ റെക്കോഡിനൊപ്പമെത്താനും സഞ്ജുവിനാവും, അവന്‍ ചില്ലറക്കാരനല്ല: സഞ്ജുവിനെ പ്രശംസകൊണ്ടുമൂടി ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി-20 പരമ്പര കൈവിട്ടതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച ഫോമിലാണ് പ്രോട്ടീസ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഒമ്പത് റണ്‍സിന് പരാജയപ്പെടുത്താനും ദക്ഷിണാഫ്രിക്കക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഒരുവേള സൗത്ത് ആഫ്രിക്ക തോല്‍വി മുമ്പില്‍ കണ്ടിരുന്നു. സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. 63 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടിയ സഞ്ജുവാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കൈപിടിച്ചു നടത്തിയത്.

സഞ്ജുവിന്റെ അപരാജിത ഇന്നിങ്‌സും ഇന്ത്യയെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ പോന്നതായിരുന്നില്ല. 249 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 240 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങളായ വിരേന്ദര്‍ സേവാഗും ഇര്‍ഫാന്‍ പത്താനും മുതല്‍ ക്രിക്കറ്റ് ലെജന്‍ഡ് ഇയാള്‍ ബിഷപ് വരെ സഞ്ജുവിനെ പുകഴ്ത്തിയിരുന്നു.

ഇവര്‍ക്ക് പുറമെ സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡറി പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ബാറ്റിങ് സ്‌കില്‍ അപാരമാണെന്നും യുവരാജ് സിങ്ങിന്റെ റെക്കോഡിനൊപ്പമെത്താന്‍ സഞ്ജുവിനാകുമെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ അവനെ ഐ.പി.എല്ലില്‍ കണ്ടിരുന്നു. ഡെത്ത് ഓവറുകളില്‍ വലിയ ഷോട്ടുകളടിക്കാനുള്ള അവന്റെ കഴിവ് അവിശ്വസിനീയമാണ്.

യുവരാജ് സിങ്ങിനോളം പൊട്ടെന്‍ഷ്യലുള്ള താരമാണ് സഞ്ജു. ഒരു ഓവറില്‍ ആര് സിക്‌സറുകള്‍ പറത്താനും ടീമിന് 30+ റണ്‍സ് ആവശ്യമുള്ളപ്പോള്‍ അത് എളുപ്പത്തില്‍ നേടാനും അവന് എളുപ്പം സാധിക്കും,’ എന്നായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബൗളിങ് കോച്ച് കൂടിയായ സ്റ്റെയ്ന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പുറത്താകാതെ 86 റണ്‍സ് നേടിയതോടെ ഏകദിനത്തിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ തിരുത്തിക്കുറിക്കാനും സഞ്ജുവിനായി. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിന് മുമ്പ് 54 റണ്‍സായിരുന്നു ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമായിരുന്നു സഞ്ജു 86 റണ്ണടിച്ചത്.

അടുത്ത മത്സരത്തിലും സഞ്ജു ഇതേ പ്രകടനം തന്നെ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.

Content highlight: South African legendary pacer Dale Steyn praises Sanju Samson, says he has the potential of Yuvraj Singh

We use cookies to give you the best possible experience. Learn more