അവസാന ഓവറില്‍ ഞാന്‍ വളരെയധികം പേടിച്ചിരുന്നു, കാരണം ഒരു ഓവറില്‍ 36 റണ്‍സെടുക്കാന്‍ പറ്റുന്നവനാണ് സഞ്ജു എന്ന് എനിക്കുറപ്പായിരുന്നു: സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ്
സഞ്ജു സാംസണ്‍ എന്ന അള്‍ട്ടിമേറ്റ് ക്രിക്കറ്ററുടെ പ്രകടനത്തിനായിരുന്നു കഴിഞ്ഞ ദിവസം എകാന സ്‌പോര്‍ട്‌സ് സിറ്റി സാക്ഷ്യം വഹിച്ചത്. സിക്‌സറുകളും ബൗണ്ടറിയുമായി സഞ്ജു കളം നിറഞ്ഞാടിയെങ്കിലും ഇന്ത്യയെ വിജയിപ്പിക്കാന്‍ അത് പോരാതെ വരികയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകന്റെ റോളില്‍ അവതരിക്കുകയായിരുന്നു.
ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയും അവസാന നിമിഷം വരെ വിജയ പ്രതീക്ഷ നല്‍കുകയും ചെയ്താണ് സഞ്ജു ആരാധകരുടെ മനസില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്.
63 പന്തില്‍ നിന്നും 3 സിക്‌സറും ഒമ്പത് ഫോറുമായി 86 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. മത്സരത്തില്‍ തോല്‍വിയായിരുന്നു ഫലമെങ്കിലും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളടക്കം പരിപൂര്‍ണ തൃപ്തരായിരുന്നു.
‘അവസാന ഓവര്‍ ആരംഭിക്കുന്ന സമയത്ത് ഞാന്‍ ഭയചകിതനായിരുന്നു. സഞ്ജു സാംസണ് ഒരു ഓവറില്‍ 36 റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ശേഷിയുണ്ട്. അയാള്‍ അസാധാരണമാം വിധം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇന്ത്യ ജയിക്കുമോ എന്ന് ഞാന്‍ പേടിച്ചു,’ സ്റ്റെയ്ന്‍ പറയുന്നു.
സെലക്ടര്‍മാര്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു കഴിഞ്ഞ ദിവസത്തെ സഞ്ജുവിന്റെ പ്രകടനം. അക്ഷരാര്‍ത്ഥത്തില്‍ സഞ്ജു സാംസണ്‍ ഷോ എന്ന് വിളിക്കാന്‍ പോന്നതായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ്. സഞ്ജു മികച്ച പ്രകടനം നടത്തിയപ്പോഴും ഇന്ത്യയുടെ പരാജയം തടുക്കാന്‍ അത് പോരാതെ വരികയായിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷം വരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പൊരുതി നോക്കിയെങ്കിലും ജയിക്കാനായില്ല. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ ഉത്തരവാദിത്തമില്ലാത്ത കളി പുറത്തെടുത്തതിനാല്‍ ഇന്ത്യക്ക് നഷ്ടമായത് അര്‍ഹിച്ച വിജയമായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്സായിരുന്നു സൗത്ത് ആഫ്രിക്കയെ കൈപിടിച്ചു നടത്തിയത്. 54 പന്തില്‍ നിന്നും 48 റണ്‍സായിരുന്നു ഡി കോക്ക് നേടിയത്. ഹെന്റിച്ച് ക്ലാസന്റെ ക്ലാസും ഡേവിഡ് മില്ലറിന്റെ മാസും ചേര്‍ന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ ഉയര്‍ന്നു.
ക്ലാസന്‍ 65 പന്തില്‍ നിന്നും 74 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 63 പന്തില്‍ നിന്നും 75 റണ്‍സും നേടി. ഒടുവില്‍ 40 ഓവറില്‍ 249 റണ്‍സായിരുന്നു പ്രോട്ടീസ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240ന് എട്ട് എന്ന നിലയില്‍ കളിയവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.