ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ന് ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ അവസാന മത്സരത്തിനുശേഷം താന്‍ ഏകദിന ക്രിക്കറ്റില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ട്വിറ്റര്‍ വഴി അറിയിച്ചു.
‘ഇതൊരു വികാരഭരിതമായ നിമിഷമാണ്. ഞാന്‍ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങുകയാണ്. എന്റെ കരിയറില്‍ ഉടനീളം ഒപ്പം നിന്നവര്‍ക്കു ഞാന്‍ നന്ദി പറയുന്നു. എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കും നന്ദി.’- അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റ് ഫോര്‍മാറ്റുകളിലെ കാര്യം താഹിര്‍ വ്യക്തമാക്കിയില്ല.
2011-ല്‍ തന്റെ 31-ാം വയസ്സിലായിരുന്നു താഹിര്‍ ഏകദിനത്തില്‍ അരങ്ങേറിയത്. ദല്‍ഹിയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. അതില്‍ത്തന്നെ അദ്ദേഹം നാല് വിക്കറ്റുകള്‍ നേടിയിരുന്നു.
എട്ടുവര്‍ഷം നീണ്ട കരിയറില്‍ 106 ഏകദിനങ്ങളിലാണ് പ്രോട്ടീസിനു വേണ്ടി അദ്ദേഹം കളത്തിലിറങ്ങിയത്. 172 വിക്കറ്റും നേടി. 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായി 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച നേട്ടം. ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ 10 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.
ഒരു ഏകദിനത്തില്‍ ഏഴ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍, അതിവേഗം ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍, അതിവേഗം 50 ട്വന്റി20 വിക്കറ്റുകള്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍, ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏറ്റവും മികച്ച എക്കോണമിയില്‍ ഏകദിനത്തില്‍ പന്തെറിഞ്ഞ താരം, ഏകദിനത്തില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം എന്നിവ താഹിര്‍ ചുരുങ്ങിയ കരിയറില്‍ നേടിയ റെക്കോഡുകളാണ്. 2015-ലെ ഐ.സി.സി ടീം ഓഫ് ദ ഇയറില്‍ താഹിര്‍ അംഗമായിരുന്നു.
ലോകകപ്പില്‍ മോശം പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു മത്സരങ്ങളില്‍ നിന്നു ജയം കണ്ടെത്താനായത് രണ്ടു മത്സരങ്ങളില്‍ മാത്രമാണ്. സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമും അവരായിരുന്നു. അഫ്ഗാനിസ്താനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമായിരുന്നു അവരുടെ വിജയങ്ങള്‍.