| Friday, 30th March 2018, 10:44 am

രാജസ്ഥാന് ആശ്വസിക്കാം; സ്മിത്തിനു പകരമെത്തുന്നത് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഐ.പി.എല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും നായകന്മാരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്കിയത്. പകരം നായകനെ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും അധികം സമയം വേണ്ടി വന്നില്ലെങ്കിലും ഇരുവര്‍ക്കും പകരം താരങ്ങളെ ടീമിലെടുക്കുക എന്നത് ഫ്രാഞ്ചൈസികള്‍ക്ക് തലവേദനയായിരുന്നു.

ടീം മാനേജ്‌മെന്റിനെപ്പോലെ ആരാധകരും പകരമാരെന്ന ആശങ്കയില്‍ നില്‍ക്കവേയാണ് രാജസ്ഥാന് റോയല്‍സ് തങ്ങളുടെ പുതിയ താരത്തെ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസ്സനെയാണ് സ്മിത്തിനു പകരക്കാരനായി രാജസ്ഥാന്‍ മുന്നോട്ട് വെക്കുന്നത്.

സ്മിത്തിന്റെ താരപ്രഭാവത്തിനു പകരക്കാരനാവാന്‍ ക്ലാസ്സന്റെ വെടിക്കെട്ട് ബാറ്റിങ്ങ് പ്രയോജനപ്പെടുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. 26 കാരനായ ക്ലാസ്സന്‍ പ്രിട്ടോറിയയില്‍ നിന്നുള്ള താരമാണ്. താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പകരം താരങ്ങളെ ഉള്‍പ്പെടുത്താനുള്ള സാഹചര്യം തെളിഞ്ഞിരിക്കുകയാണെന്നും ക്ലാസ്സനെ രാജസ്ഥാന്‍ നോട്ടമിട്ടെന്നുമാണ് രാജസ്ഥാന്‍ ക്യാംപിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്ലാസ്സനുമായി കരാറിലേര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് ടീമിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ക്ലാസ്സനു പുറമേ ജോ റൂട്ടിന്റെയും മോയിസസ് ഹെന്റിക്വസിന്റെയും പേരുകള്‍ രാജസ്ഥാനില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇത്തവണ താരലേലത്തില്‍ വന്‍ തുക മുടക്കി രണ്ടു താരങ്ങളെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. 12.5 കോടിയ്ക്ക് ബെന്‍ സ്‌റ്റോക്‌സിനെയും 11.5 കോടിയ്ക്ക് ജയദേവ് ഉനദ്കട്ടിനെയുമായിരുന്നു രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more