കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക സീരീസിലെ രണ്ടാം ടി-20യിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അസം ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിന് അടിസ്ഥാനമായത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയായത്.
എന്നാല്‍ സൗത്ത് ആഫ്രിക്കക്ക് ഇല്ലാതെ പോയതും ഇത്തരത്തിലുള്ള ഒരു ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇതില്‍ പാടെ നിരാശപ്പെടുത്തിയതാകട്ടെ സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ തെംബ ബാവുമയും.
ഒട്ടും സെന്‍സിബിളായ ഇന്നിങ്‌സായിരുന്നില്ല ബാവുമയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 120 പന്തില്‍ 238 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ ആദ്യമിറങ്ങി ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍ പോലുമെടുക്കാതെയാണ് ബാവുമ പുറത്തായത്.
ഒരുപക്ഷേ നേരിട്ട ആദ്യ പന്തിലോ രണ്ടാം പന്തിലോ ബാവുമ പുറത്താവുകയായിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ. വെടിക്കെട്ടിന് തിരികൊളുത്തിയ പ്രകടനം കാഴ്ചവെച്ച ഡി കോക്കിനും ഡേവിഡ് മില്ലറിനും നേരിടാന്‍ പന്തുകള്‍ ബാക്കിയില്ലാത്തതിനാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.
നാലോ അഞ്ചോ ഡെലിവറി കൂടി സൗത്ത് ആഫ്രിക്കക്ക് ലഭിച്ചിരുന്നുവെങ്കില്‍ മില്ലറും ഡി കോക്കും പ്രോട്ടീസിനെ വിജയിപ്പിച്ചേനെ എന്ന കാര്യത്തില്‍ സംശയമില്ല.
പരമ്പരയിലെ ആദ്യ മത്സരത്തിലും ബാവുമ ഡക്കായി തന്നെയാണ് പുറത്തായത് എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ കളിയില്‍ നേരിട്ട നാലാം പന്തിലാണ് താരം പുറത്തായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പന്ത് നേരിട്ടാണ് താരം പുറത്തായത്.
ആദ്യ മത്സരത്തില്‍ ദീപക് ചഹറായിരുന്നു താരത്തെ പുറത്താക്കിയതെങ്കില്‍ രണ്ടാം മത്സരത്തില്‍ അര്‍ഷ്ദീപ് സിങ്ങാണ് ബാവുമയെ മടക്കിയത്.
ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗില്‍ എന്തുകൊണ്ട് താരത്തെ ഒരു ഫ്രാഞ്ചൈസികളും വാങ്ങിയില്ല എന്ന ചോദ്യത്തിന് ഉത്തരമാണ് താരമിപ്പോള്‍ നല്‍കുന്നത്. വരാനിരിക്കുന്ന ടി-20 ലോകകപ്പിലും പ്രോട്ടീസിനെ നയിക്കുന്നത് ബാവുമ തന്നെയാണ് എന്നതാണ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വസ്തുത.
ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ടി-20യില്‍ പരമ്പര തോല്‍ക്കാത്ത ടീം എന്ന ഖ്യാതിയും സൗത്ത് ആഫ്രിക്കക്ക് ഇതിനോടകം തന്നെ കൈമോശം വന്നു. ആ മോശം റെക്കോഡും പ്രോട്ടീസിന് നേടിക്കൊടുത്തത് ബാവുമ തന്നെയാണ്.
പരമ്പര തോറ്റെങ്കിലും ഒക്ടോബര്‍ നാലിന് നടക്കുന്ന മൂന്നാം മത്സരത്തിലെങ്കിലും താരം മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നത്.
Content Highlight: South African captain Temba Bavuma has failed again