ടി-20 ലോകകപ്പ് ഫൈനല്‍: മലയാളികളെ കൂട്ടുപിടിച്ച് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം; ഇങ്ങനെയാണെങ്കില്‍ നോട്ട് ഔട്ട് തന്നെയെന്ന് പോസ്റ്റ്
Sports News
ടി-20 ലോകകപ്പ് ഫൈനല്‍: മലയാളികളെ കൂട്ടുപിടിച്ച് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം; ഇങ്ങനെയാണെങ്കില്‍ നോട്ട് ഔട്ട് തന്നെയെന്ന് പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th August 2024, 9:11 pm

ഒരു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഐ.സി.സി കിരീട വരള്‍ച്ച അവസാനിപ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ ക്യാച്ച് സൂര്യകുമാര്‍ കൈപ്പിയിലൊതുക്കിയതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്. ആ നിമിഷം മുതല്‍ ഇന്ത്യ കൈവിട്ട ലോകകപ്പ് ഒരിക്കല്‍ക്കൂടി കണ്‍മുമ്പില്‍ കാണുകയായിരുന്നു.

 

എന്നാല്‍ ഈ ക്യാച്ചിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. സൂര്യകുമാറിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന സംശയം പ്രകടിപ്പിച്ച് മറ്റു ടീമുകളുടെ ആരാധകരും ചില ഇന്ത്യന്‍ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറവും ആ ക്യാച്ചും അതുണ്ടാക്കിയ ആഘാതവും പ്രോട്ടിയാസ് താരങ്ങള്‍ക്ക് മറക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ സൂര്യകുമാര്‍ കൈപ്പിടിയിലൊതുക്കിയ ആ ക്യാച്ച് വീണ്ടും ഓര്‍മിപ്പിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം തബ്രായിസ് ഷംസി.

കേരളത്തിലെ ഒരു കണ്ടം ക്രിക്കറ്റിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷംസി ആ ക്യാച്ചിനെ കുറിച്ച് സംസാരിച്ചത്. ഒരു പറ്റം മലയാളി യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതും, കളിക്കിടെ സിക്‌സറിനെ ചൊല്ലിയുണ്ടായ തര്‍ക്കവും ഒടുവില്‍ ആ തര്‍ക്കം പരിഹരിക്കുന്നതുമാണ് ഷംസി പങ്കുവെച്ച വീഡിയോയിലുള്ളത്.

ബാറ്ററുടെ ഷോട്ട് ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡര്‍ കൈപ്പിടിയിലൊതുക്കി. എന്നാല്‍ ബാറ്റിങ് ടീം അത് സിക്‌സറാണെന്ന് വാദിച്ചു. കളിക്കളത്തിലെ എല്ലാവരും എത്തുന്നത് വരെ ഫീല്‍ഡര്‍ അനങ്ങാതെ നില്‍ക്കുകയും ഒടുവില്‍ അളന്ന് തിട്ടപ്പെടുത്തിയ ശേഷം അത് സിക്‌സറാണെന്ന് തീരുമാനിക്കുകയുമായിരുന്നു.

ഈ രീതിയാണ് അന്ന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഉറപ്പായും അത് നോട്ട് ഔട്ടാകുമെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഷംസി തമാശരൂപേണ പറഞ്ഞത്.

എന്നാല്‍ ഇത് തമാശയാണെന്ന് മനസിലാകാതെ ഒരു പറ്റമാളുകള്‍ രംഗത്തുവന്നപ്പോള്‍ ‘ ഇത് തമാശയാണെന്ന്’ വ്യക്തമാക്കാനും ഷംസി തയ്യാറായി.

നേരത്തെ ഈ ക്യാച്ചിനെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സൂര്യകുമാര്‍ യാദവ് വിശദീകരണം നല്‍കിയിരുന്നു.

‘സൗത്ത് ആഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ആ ക്യാച്ചെടുക്കുമ്പോള്‍ ഞാന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നില്ല. നമുക്ക് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാന്‍ അവിടെ ചെയ്തത്.

ദൈവാനുഗ്രഹത്തില്‍ പന്ത് ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. എനിക്ക് ക്യാച്ചെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ആ നിമിഷം ഞാന്‍ ഏറെ ആസ്വദിക്കുന്നു,’ സൂര്യ പറഞ്ഞു.

‘ഇത്തരത്തിലുള്ള ഒരു ക്യാച്ചെടുക്കാന്‍ ഞാന്‍ നിരവധി തവണ പ്രാക്ടീസ് ചെയ്തതാണ്. മത്സരത്തിനിടെ എന്റെ മനസ് ശാന്തമായിരുന്നു. രാജ്യത്തിന് വേണ്ടി മികച്ചത് ചെയ്യാന്‍ ദൈവം എനിക്കൊരു അവസരം നല്‍കി,’ സ്‌കൈ കൂട്ടിച്ചേര്‍ത്തു.

 

 

Content highlight: South African bowler Tabraiz Shamsi shares a funny video and reminds about 2024 T20 World Cup Final