പാകിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. 10 വിക്കറ്റിനാണ് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രോട്ടിയാസ് വിജയിച്ചു കയറിയത്.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 615 & 61/0 (T: 58)
പാകിസ്ഥാന്‍ : 194/ 478
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് റിയാല്‍ റിക്കില്‍ട്ടന്റെയും ക്യാപ്റ്റന്‍ തെമ്പ ബാവുമയുടെയും കൈല്‍ വെരെയെന്നിയുടെയും വെടിക്കെട്ട് പ്രകടനത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. റിയാന്‍ 343 പന്തില്‍ നിന്ന് 29 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 259 റണ്‍സ് നേടി അമ്പരപ്പിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ 179 പന്തില്‍ 106 റണ്‍സും കയില്‍ 147 പന്തില്‍ 100 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവച്ചു. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ്, സല്‍മാന്‍ അലി ആഘ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി മികവ് പുലര്‍ത്തി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ബാബര്‍ അസം 58 റണ്‍സും മുഹമ്മദ് റിസ്വാന്‍ 46 റണ്‍സും നേടി. മറ്റുള്ളവര്‍ പ്രോട്ടിയസിന്റെ ബൗളിങ് മികവില്‍ തകരുകയായിരുന്നു.
തുടര്‍ന്ന് ഫോളോ ഓണിന് വിധേയരായ മെന്‍ ഇന്‍ ഗ്രീന്‍ 478 റണ്‍സ് നേടി. ക്യാപ്റ്റനും ഓപ്പണറുമായ ഷാന്‍ മസൂദ് 145 റണ്‍സ് നേടി ടീമിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ബാബര്‍ അസം 81 റണ്‍സും നേടി. ഇരുവരുടെയും മികച്ച കൂട്ടുകെട്ടില്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും മറ്റാര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ മൂന്നു വിക്കറ്റുകളില്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് നേടി. തുടര്‍ന്ന് 58 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു സൗത്ത് ആഫ്രിക്ക.
Content Highlight: South Africa Won Against Pakistan In Final Test