|

അഫ്ഗാനിസ്ഥാനെ തൂഫാനാക്കി പ്രോട്ടിയാസ്; തുണയായത് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. പാകിസ്ഥാനിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 107 റണ്‍സിന്റെ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടാനാണ് പ്രോട്ടിയാസിന് സാധിച്ചത്. വിജയലക്ഷ്യം മറികടക്കാനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 43.3 ഓവറില്‍ 208 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് റഹ്‌മത്ത് ഷാ ആയിരുന്നു. 92 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് ആണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.

മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണ്‍ റിയാന്‍ റിക്കില്‍ടണ്‍ ആണ്. 106 പന്തില്‍ നിന്ന് ഒരു സിക്സും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ 76 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്.

മാത്രമല്ല ടീമിനുവേണ്ടി നാലാമനായി ഇറങ്ങിയ റാസി വാണ്ടര്‍ ഡസന്‍ 46 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ടീമിനു വേണ്ടി 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും മികവ് പുലര്‍ത്തിയാണ് പുറത്താകാതെ നിന്നത്. ഡേവിഡ് മില്ലര്‍ 14 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് നബിയാണ്. ടോണി ഡി സോസിയെ 11 റണ്‍സിനാണ് താരം പറഞ്ഞയച്ചത്. പ്രോട്ടിയാസ് 28 റണ്‍സ് നേടിയിരിക്കെയാണ് നബി തന്റെ മാജിക്കല്‍ ട്രൈക്കിന് എത്തിയത്.

മത്സരത്തിലെ അഞ്ചാം ഓവറിന് എത്തിയ നബി തന്റെ ആദ്യ ഓവറിലെ ഒന്നാം പന്തിലാണ് സോസിയെ പറഞ്ഞയച്ചത്. ശേഷം ക്യാപ്റ്റന്‍ തെംബ ബാവുമയെയും നബി പുറത്താക്കി. നൂര്‍ അഹമ്മദ് റാസിയെയും പുറത്താക്കി. ഫസല്‍ ഹഖ് ഫറൂഖി, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടിയിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് കാഗീസോ റബാദയാണ്. 8.3 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്. ലുങ്കി എങ്കിടി, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

ഫെബ്രുവരി 25ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: South Africa Won Against Afghanistan In Champions Trophy

Latest Stories