ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ 104 റൺസിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ കീഴ്പ്പെടുത്തിയത്.
പ്രോട്ടീസ് ഉയർത്തിയ 206 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 16.3 ഓവറിൽ 101 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.
തകർപ്പൻ ബാറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയുടെ റിലീ റൂസ്സോയാണ് മത്സരത്തിൽ തിളങ്ങിയത്. അപൂർവ റെക്കോഡാണ് ടി-20 ലോകകപ്പിലെ സെഞ്ച്വറിയിലൂടെ താരം പേരിലാക്കിയത്. ടി-20 ക്രിക്കറ്റിൽ റൂസ്സോയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.
നേരത്തെ ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ സെഞ്ച്വറി നേടിയ റൂസ്സോ ബംഗ്ലാദേശിനെതിരെയും നൂറടിച്ചതോടെ ടി-20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
2022ൽ ഫ്രാൻസിൻറെ ഗുസ്താവ് മക്കോൺ ആണ് റൂസ്സോക്ക് മുമ്പ് ടി-20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി നേടിയിട്ടുള്ള ഏക ബാറ്റർ.
ബംഗ്ലാദേശിനെതിരെ രണ്ടാം വിക്കറ്റിൽ 158 റൺസിൻറെ കൂട്ടുകെട്ടുയർത്തിയ റൂസ്സോ – ക്വിൻറൺ ഡീ കോക്ക് സഖ്യം ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിൻറെ റെക്കോർഡും പേരിലാക്കി.
2007ലെ ആദ്യ ലോകകപ്പിൽ ഹെർഷെൽ ഗിബ്സും ജസ്റ്റിൻ കെംപും ചേർന്ന് പിരിയാതെ 120 റൺസ് അടിച്ചതായിരുന്നു ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
ബംഗ്ലാദേശിനെതിരെ ക്യാപ്റ്റൻ ടെംബാ ബാവുമയുടെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായതോടെ ക്രീസിലെത്തിയ റൂസ്സോ 30 പന്തിൽ അർധസെഞ്ച്വറി തികച്ചു.
പതിനഞ്ചാം ഓവറിലാണ് റിലീ റൂസോ-ക്വിൻറൺ ഡി കോക്ക് സഖ്യം വേർ പിരിഞ്ഞത്. 38 പന്തിൽ 63 റൺസടിച്ച ഡീ കോക്കിനെ ആഫിഫ് ഹുസൈനാണ് പുറത്താക്കിയത്.
52 പന്തിൽ സെഞ്ച്വറി തികച്ച റൂസ്സോ കണ്ണീരോടെയാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. സെഞ്ച്വറിക്ക് ശേഷം ഒരു സിക്സ് കൂടി പറത്തിയ റൂസ്സോ പത്തൊമ്പതാം ഓവറിൽ 56 പന്തിൽ 109 റൺസെടുത്താണ് പുറത്തായത്. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു റൂസ്സോയുടെ ഇന്നിങ്സ്.
Content highlights: South africa wins Bangladesh in t20 world cup, Rossow makes record