Sports News
കരീബിയന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് പ്രോട്ടിയാസ്; വിന്‍ഡീസിന് കിട്ടിയതും എട്ടിന്റെ പണി!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 16, 03:44 am
Friday, 16th August 2024, 9:14 am

വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഇന്നലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇരുവരും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 54 ഓവറില്‍ 160 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.

തുടക്കം തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ടീമിന്. നാലാം ഓവറില്‍ ഓപ്പണര്‍ ടോണി ഡി സോര്‍സിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് ജയ്ഡന്‍ സീല്‍സ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെ 14 റണ്‍സിന് പുറത്താക്കി ഷമര്‍ ജോസഫും തുടക്കം കുറിച്ചു. പിന്നീട് ഷമറിന്റെ വിളയാട്ടമായിരുന്നു ഗ്രൗണ്ടില്‍. 5 വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി സ്വന്തമാക്കിയത്. ക്യപ്റ്റ്‌റന്‍ തെമ്പ ബാവുമ (0), ഡേവിഡ് ബെഡിങ് ഹാം (28), കൈല്‍ വെറെയെന്നെ (21), കേശവ് മഹാരാജ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്.

ഷമറിന് പുറമേ ജയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും ജയ്‌സന്‍ ഹോള്‍ഡര്‍, ഗുഡകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 പ്രോട്ടിയാസിന് വേണ്ടി അവസാനഘട്ടത്തില്‍ പിടിച്ചുനിന്നത് ഡാന്‍ പെഡിറ്റാണ്. 38 റണ്‍സാണ് താരം പുറത്താകാതെ നേടിയത്. ടോപ് സ്‌കോററും താരമായിരുന്നു.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനും ഇതേ ഗതി തന്നെയായിരുന്നു. നിലവില്‍ ആദ്യദിനം അവസാനിച്ചപ്പോള്‍ 28.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. പ്രോട്ടിയാസിന് വേണ്ടി വിയാന്‍ മുള്‍ഡര്‍ ആറ് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റ് (3), അലിക് അതനാസെ (1), കവേം ഹോഡ്ജ് (4), ജോഷ്വ ഡ സില്‍വ (4) എന്നിവരെയാണ് താരം പുറത്താക്കിയത്.

താരത്തിന് പുറമേ നാന്ദ്രേ ബര്‍ഗര്‍ മൈക്കില്‍ ലൂയിസ് (0),കേസി കാര്‍ട്ടി (26) എന്നിവരെ പുറത്താക്കി. ഗുടകേഷ് മോട്ടിയെ 11 റണ്‍സിന് കേശവും പുറത്താക്കി.

 

Content Highlight: South Africa VS West Indies Second Test Match Update