| Friday, 16th August 2024, 12:30 pm

ഒറ്റ ദിവസം 17 എണ്ണമോ! ടെസ്റ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച് വിന്‍ഡീസും പ്രോട്ടിയാസും

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-സൗത്ത് ആഫ്രിക്ക രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിലെ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ സൗത്ത് ആഫ്രിക്കയുടെ ഈ തീരുമാനം തെറ്റാവുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 160 റണ്‍സിനാണ് പുറത്തായത്. വിന്‍ഡീസ് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് നേടിയ ഷമര്‍ ജോസഫാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്.

14 ഓവറില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഷമറിന്റെ മൂന്നാം ഫൈര്‍ നേട്ടമാണിത്.

ഷമറിന് പുറമേ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും ജേസണ്‍ ഹോല്‍ഡര്‍, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സൗത്ത് ആഫ്രിക്കയ്ക്കായി 60 പന്തില്‍ 38 റണ്‍സ് നേടിയ ഡെയ്ന്‍ പീഡാണ് ടോപ് സ്‌കോറര്‍. 54 പന്തില്‍ 28 റണ്‍സ് നേടി ഡേവിഡ് ബെഡിങ്ഹാമും 65 പന്തില്‍ 26 റണ്‍സ് നേടി ട്രിസ്റ്റണ്‍ സ്റ്റംബ്സും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസും തകരുകയായിരുന്നു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 97 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്.

സൗത്ത് ആഫ്രിക്കയ്ക്കായി വിയാന്‍ മള്‍ഡര്‍ നാല് വിക്കറ്റും നാന്ദ്ര ബര്‍ഗര്‍ രണ്ട് വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്.

ഒന്നാം ദിവസത്തിലെ ബൗളര്‍മാരുടെ ആധിപത്യത്തിലൂടെ ഒരു ചരിത്ര നേട്ടമാണ് എടുത്തത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ആദ്യദിവസം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴുന്ന മത്സരമായാണ് ഇത് മാറിയത്.

2021ലും സൗത്ത് ആഫ്രിക്കയും വിന്‍ഡീസും തമ്മിലുള്ള മത്സരത്തില്‍ 14 വിക്കറ്റുകളാണ് ആദ്യ ദിവസം പിറന്നത്. ഇതിന് മുമ്പ് 2011ല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ 13 വിക്കറ്റുകളും പിറന്നിരുന്നു.

Content Highlight: South Africa vs West Indies 2nd Test Match Historical Record

Latest Stories

We use cookies to give you the best possible experience. Learn more