സൗത്ത് ആഫ്രിക്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ക്ക് പടുകൂറ്റന്‍ ലീഡ്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 528 റണ്‍സിന്റെ ലീഡാണ് കിവികള്‍ക്കുള്ളത്.
ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്.
ആദ്യ ഇന്നിങ്സില്‍ 289 പന്ത് നേരിട്ട് 118 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഇന്നിങ്സില്‍ 132 പന്തില്‍ 109 റണ്‍സാണ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. റെഡ് ബോള്‍ കരിയറിലെ 31ാം സെഞ്ച്വറി നേട്ടമാണ് വില്യംസണ്‍ കുറിച്ചത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങളും വില്യംസണെ തേടിയെത്തി. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ രണ്ടാമത് താരം എന്ന റെക്കോഡിലേക്കാണ് വില്യംസണ്‍ ഓടിയടുത്തത്. ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനേക്കാള്‍ ഒറ്റ സെഞ്ച്വറി മാത്രമാണ് വില്യംസണ് കുറവുള്ളത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍ (ആക്ടീവ് ക്രിക്കറ്റര്‍മാര്‍)
(താരം – ടീം – സെഞ്ച്വറി – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 32 – 191
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 31* – 170
ജോ റൂട്ട് – ഇംഗ്ലണ്ട് – 30 – 251
വിരാട് കോഹ്‌ലി – ഇന്ത്യ – 29 – 191
ചേതേശ്വര്‍ പൂജാര – ഇന്ത്യ – 19 – 176
ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 16 – 170
എയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 15 – 189
ഫാബ് ഫോറില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും വില്യംസണ്‍ രണ്ടാമതെത്തി.
സ്റ്റീവ് സ്മിത് – 32 സെഞ്ച്വറി
കെയ്ന്‍ വില്യംസണ്‍ – 31 സെഞ്ച്വറി
ജോ റൂട്ട് – 30 സെഞ്ച്വറി
വിരാട് കോഹ്‌ലി- 29 സെഞ്ച്വറി
ഇതിന് പുറമെ ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ സ്വന്തം മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വില്യംസണ്‍ കരുത്ത് കാട്ടിയത്.
(താരം – ടീം – ഹോം കണ്ടീഷനിലെ സെഞ്ച്വറി എന്നീ ക്രമത്തില്‍)
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 18*
ജോ റൂട്ട് – ഇംഗ്ലണ്ട് – 18
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 16
വിരാട് കോഹ്‌ലി – ഇന്ത്യ – 14
അതേസമയം, ന്യൂസിലാന്‍ഡ്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 179ന് നാല് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. നിലവില്‍ 528 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ലീഡ് ചെയ്യുന്നത്.
സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)
ന്യൂസിലാന്‍ഡ് – 511 & 179/4 (43)
സൗത്ത് ആഫ്രിക്ക – 162
വില്യംസണ് പുറമെ ടോം ലാഥം (13 പന്തില്‍ 3), ഡെവോണ്‍ കോണ്‍വേ (68 പന്തില്‍ 29), രചിന്‍ രവീന്ദ്ര (26 പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ കിവികള്‍ക്ക് നഷ്ടമായത്. 17 പന്തില്‍ 11 റണ്‍സുമായി ഡാരില്‍ മിച്ചലും നാല് പന്തില്‍ അഞ്ച് റണ്‍സുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍.
Content highlight: South Africa vs New Zealand: 1st Test: Kane Williamson with several records