2023 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പൊരുതാവുന്ന സ്‌കോര്‍ നേടി സൗത്ത് ആഫ്രിക്ക. 49.4 ഓവറില്‍ 212 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ക്യാപ്റ്റന്‍ തെംബ ബാവുമയെ പൂജ്യത്തിന് നഷ്ടമായ സൗത്ത് ആഫ്രിക്കക്ക് ക്വിന്റണ്‍ ഡി കോക്കിനെ മൂന്ന് റണ്‍സിനും നഷ്ടമായി.
വെടിക്കെട്ട് വീരന്‍മാരായ ഏയ്ഡന്‍ മര്‍ക്രമിനും റാസി വാന്‍ ഡെര്‍ ഡസനും നിലയുറപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ 24 റണ്‍സിന് നാല് എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ഇന്ന്ങ്‌സിനെ താങ്ങി നിര്‍ത്തി. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 119ാം റണ്‍സിലാണ്.
അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ ക്ലീന്‍ ബൗള്‍ഡാക്കി ട്രാവിസ് ഹെഡാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്. 48 പന്തില്‍ 47 റണ്‍സാണ് ക്ലാസന്‍ നേടിയത്.
ക്ലാസന് പിന്നാലെ ക്രീസിലെത്തിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സനെ തൊട്ടടുത്ത പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുക്കി ട്രാവിസ് ഹെഡ് വീണ്ടും സൗത്ത് ആഫ്രിക്കയെ തളച്ചിട്ടു.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഡേവിഡ് മില്ലര്‍ ഉറച്ചുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 202ല്‍ നില്‍ക്കവെ സെഞ്ച്വറി നേടിയ മില്ലര്‍ പുറത്തായി. 116 പന്തില്‍ എട്ട് ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 101 റണ്‍സാണ് മില്ലര്‍ നേടിയത്.
ഒടുവില്‍ 49.4 ഓവറില്‍ 212ന് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ടായി.
സമീപകാലത്ത് ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലെല്ലാം മികച്ച പ്രകടനമാണ് സൗത്ത് ആഫ്രിക്ക പുറത്തെടുത്തത്. ഈ ലോകകപ്പിലേതടക്കം കഴിഞ്ഞ നാല് മത്സരത്തിലും 100+ റണ്‍സിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചുകയറിയത്. പ്രോട്ടിയാസിന്റെ ഈ അപ്രമാദിത്യത്തിന് തിരിച്ചടി നല്‍കാനുള്ള അവസരമാണ് ഓസീസിന് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡും ട്രാവിസ് ഹെഡും രണ്ട് വിക്കറ്റ് വീതവും നേടി.
Content Highlight: South Africa vs Australia, World Cup Semi Final