Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴ വില്ലനായി; സൗത്ത് ആഫ്രിക്ക - ഓസ്‌ട്രേലിയ മത്സരം നിര്‍ത്തിവെച്ചു, പോയിന്റ് ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 25, 01:32 pm
Tuesday, 25th February 2025, 7:02 pm

ചാമ്പ്യന്‍സ് ട്രോഫിയിലെ ബി ഗ്രൂപ്പില്‍ ഇന്ന് നടക്കാനിരുന്ന സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരത്തില്‍ ടോസ് പോലും ഇടാന്‍ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ ഒരോ പോയിന്റ് വീതം പങ്കിടുകയാണ് ഇരു ടീമുകളും.

നിലവില്‍ ബി ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സൗത്ത് ആഫ്രിക്കയാണ് മുന്നില്‍. +2.140 നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് പ്രോട്ടിയാസ് മുന്നിലെത്തിയത്. മൂന്ന് പോയിന്റ് നേടി ഓസ്‌ട്രേലിയ രണ്ടാമതാണ്. +0.475 നെറ്റ് റണ്‍ റേറ്റാണ് ഓസീസിനുള്ളത്.

അതേസമയം ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡിനെതിരെ ദുബായിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. തന്റെ 51ാം ഏകദിന സെഞ്ച്വറിയില്‍ ഫോര്‍മാറ്റിലെ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു. മത്സരത്തില്‍ 111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 100* റണ്‍സാണ് വിരാട് നേടിയത്.

ഇതോടെ പാകിസ്ഥാന്റെ എക്കാലത്തെയും പേടിസ്വപ്നമായി മാറിയിരിക്കുകയാണ് വിരാട്. ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.

Content Highlight: South Africa VS Australia Match Abandoned In Champions Trophy