കലാപഭൂമിയായി ദക്ഷിണാഫ്രിക്ക; മരണസംഖ്യ 300 കവിഞ്ഞു
World News
കലാപഭൂമിയായി ദക്ഷിണാഫ്രിക്ക; മരണസംഖ്യ 300 കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd July 2021, 5:12 pm

ടാന്‍സാനിയ: മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.

പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ജനകീയ പ്രക്ഷോഭത്തോടൊപ്പം രാജ്യത്ത് കവര്‍ച്ചയും വര്‍ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സൈന്യം സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് കോടതിയലക്ഷ്യ കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്.

അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പൊതുജന സഹതാപം ഉണ്ടാക്കാനാണ് സുമ ശ്രമിച്ചതെന്നും ഇത് ഭരണഘടനാ തത്വങ്ങളെ അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നും കോടതി പറഞ്ഞു.

മുന്‍ രാഷ്ട്ര തലവനെന്ന നിലയില്‍ സുമയ്ക്ക് നിയമത്തെക്കുറിച്ച് അറിയാമെന്നും എന്നാല്‍ കോടതി ഉത്തരവിനെ നഗ്‌നമായി അദ്ദേഹം ലംഘിച്ചതായും തടവുശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോടതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, അഴിമതിക്കേസില്‍ സുമ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 79 കാരിയായ സുമ ഒമ്പതുവര്‍ഷത്തോളം അധികാരത്തിലിരുന്ന സമയത്ത് നടത്തിയ അഴിമതിയിലായിരുന്നു ശിക്ഷ വിധിച്ചത്.

എന്നാല്‍, അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. 2018ലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ജേക്കബ് സുമയ്ക്ക് അധികാരം നഷ്ടമാകുന്നത്.

1999ല്‍ യൂറോപ്യല്‍ നിന്ന് റാന്‍ഡിന് യുദ്ധവിമാനങ്ങള്‍, പട്രോളിംഗ് ബോട്ടുകള്‍, മിലിട്ടറി ഗിയര്‍ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള അഴിമതിയിലാണ് ജേക്കബ് സുമ വിചാരണ നേരിടുന്നത്.

Content Highlights: South Africa unrest death toll jumps to more than 300