| Saturday, 11th December 2021, 1:10 pm

ഇശാന്തും വിരമിക്കുന്നു? ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയോടെ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പേസ് ബൗളര്‍മാരില്‍ നിലവില്‍ കളിക്കുന്നവരില്‍ സീനിയറായ ഇശാന്ത് കഴിഞ്ഞ കുറച്ചുനാളായി ഫോം നഷ്ടത്തിലാണ്.

105 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ 33 കാരനായ ഈ ദല്‍ഹി താരത്തിന് ഇനി അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാരുടെ ബാഹുല്യവും താരത്തിന് തിരിച്ചടിയാകും.

നിലവില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ടെസ്റ്റിലെ ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാര്‍. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരും നിലവില്‍ ടീമിനൊപ്പമുണ്ട്.

മാത്രമല്ല ആവേശ് ഖാന്‍, നവ്ദീപ് സെയ്‌നി, ഉമ്രാന്‍ മാലിക് എന്നിവര്‍ ടീമിന്റെ വിളിക്കായി കാത്തിരിക്കുന്നവരാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞാല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ ശ്രീലങ്കയോടാണ് ടെസ്റ്റ് കളിക്കുന്നത്. സ്വാഭാവികമായും രണ്ട് പേസര്‍മാരെ മാത്രമെ ഇന്ത്യന്‍ പിച്ചില്‍ ടീം കളിപ്പിക്കൂ. ഇതോടെയാണ് ഇശാന്തിന്റെ പുറത്തേക്കുള്ള വഴി ഏറെക്കുറെ ഉറപ്പാകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ട് ടെസ്റ്റുകളില്‍ നിന്ന് 14 വിക്കറ്റാണ് ഇശാന്ത് നേടിയത്. 105 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റാണ് കരിയറിലുടനീളം ഇശാന്ത് നേടിയത്. 80 ഏകദിനങ്ങളില്‍ നിന്ന് 115 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

2007 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അരങ്ങേറ്റം. 2008 ല്‍ ആസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിനെതിരായ ഡെലിവറികളിലൂടെയാണ് താരം ശ്രദ്ധേയനായത്. ഈ മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിതാരം എന്നായിരുന്നു സ്റ്റീവ് വോ ഇശാന്തിനെ വിശേഷിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  South Africa tour likely to be the end of rainbow for struggling Ishant Sharma

We use cookies to give you the best possible experience. Learn more