| Saturday, 10th December 2022, 8:32 am

ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ സൗത്ത് ആഫ്രിക്ക; പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ലൈംഗിക തൊഴില്‍ (Sex work) ഡീക്രിമിനലൈസ് ചെയ്യുമെന്ന് സൗത്ത് ആഫ്രിക്ക. സ്ത്രീകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

ലൈംഗികത്തൊഴില്‍ കുറ്റകരമല്ലാതാക്കുന്നതിനുള്ള നിയമനിര്‍മാണ ബില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നീതിന്യായ മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്‍ നിയമമാകുന്നതോടെ ലൈംഗിക സേവനങ്ങള്‍ ഇനിമുതല്‍ രാജ്യത്ത് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കില്ല.

”ലൈംഗിക തൊഴില്‍ ഡീക്രിമിനലൈസ് ചെയ്യുന്നതോടെ ലൈംഗിക തൊഴിലാളികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, ലൈംഗിക തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കല്‍, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക വിവേചനം കുറക്കുക എന്നിവയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്,” നീതിന്യായ വകുപ്പ് മന്ത്രി റൊണാള്‍ഡ് ലമോല (Ronald Lamola) പറഞ്ഞു.

നിലവില്‍ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ബില്‍ ലൈംഗിക തൊഴില്‍ ഡീക്രിമിനലൈസ് ചെയ്യുന്നതിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. ലൈംഗിക തൊഴില്‍ വ്യവസായത്തെ മൊത്തത്തില്‍ റെഗുലേറ്റ് ചെയ്യുന്നത് പിന്നീടുള്ള ഘട്ടത്തില്‍ ആലോചിക്കുമെന്നും ലമോല കൂട്ടിച്ചേര്‍ത്തു.

ബില്‍ നിയമമാകണമെങ്കില്‍ പാര്‍ലമെന്റ് നിര്‍ദിഷ്ട നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കണം. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ദക്ഷിണാഫ്രിക്കയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ നീക്കം.

വിവിധ അഡ്വക്കസി ഗ്രൂപ്പുകളുടെ കണക്കനുസരിച്ച് രാജ്യത്ത് 1,50,000ലധികം ലൈംഗിക തൊഴിലാളികളാണുള്ളത്. ലോകത്ത് ഏറ്റവുമധികം എച്ച്.ഐ.വി ബാധിതരുള്ള രാജ്യം കൂടിയാണ് സൗത്ത് ആഫ്രിക്ക.

സര്‍ക്കാര്‍ നീക്കത്തെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു.

”ലൈംഗികത്തൊഴിലാളികള്‍ ഇനിമുതല്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടാത്തതിനാല്‍ തന്നെ അക്രമങ്ങളെ നേരിടുന്നതിന് വേണ്ടി അവര്‍ക്ക് പൊലീസുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും,” ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ SWEAT ഫേസ്ബുക്കില്‍ കുറിച്ചു.

ബില്‍ അവതരിപ്പിച്ചുവെന്നത് ‘അവിശ്വസനീയമായ വാര്‍ത്ത’യാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും ലിബറല്‍ ഭരണഘടനകളിലൊന്നാണ് സൗത്ത് ആഫ്രിക്കയിലേത്. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങളില്‍ പുരോഗമനപരമായ നിയമങ്ങളാണ് രാജ്യത്തുള്ളതെങ്കിലും ലൈംഗിക തൊഴിലാളികളുടെ കാര്യത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

Content Highlight: South Africa to decriminalise sex work, bill put forward by the justice ministry in Parliament

Latest Stories

We use cookies to give you the best possible experience. Learn more