ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കക്കെതിരെ ലീഡ് നേടി ഇന്ത്യ. കേപ് ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് ടോട്ടലായ 55 മറികടന്നാണ് ഇന്ത്യ ലീഡ് നേടിയിരിക്കുന്നത്.
കേപ് ടൗണില്‍ ഇന്ത്യയുടെ പേസ് നിരയ്ക്ക് മുമ്പില്‍ സൗത്ത് ആഫ്രിക്ക പൂര്‍ണമായും കളി മറക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നെടും തൂണായ ഡീന്‍ എല്‍ഗറിന് പോലും ഇത്തവണ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വെറും നാല് റണ്‍സ് മാത്രമാണ് എല്‍ഗറിന് നേടാന്‍ സാധിച്ചത്.
രണ്ടേ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 30 പന്തില്‍ 15 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെയാണ് പ്രോട്ടിയാസിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കെതിരെ 55 റണ്‍സിന് പുറത്തായതോടെ ഒരു മോശം റെക്കോഡും സൗത്ത് ആഫ്രിക്കയെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും മോശം ടോട്ടല്‍ എന്ന അനാവശ്യ റെക്കോഡാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. 2015ല്‍ നേടിയ 79 റണ്‍സാണ് ഇതിന് മുമ്പ് ഈ മോശം റെക്കോഡില്‍ ഒന്നാമതുണ്ടായിരുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടോട്ടലും ഇതുതന്നെയാണ്. 2021ല്‍ ന്യൂസിലാന്‍ഡ് നേടിയ 62 റണ്‍സിന്റെ ടോട്ടലാണ് ഇതോടെ പഴങ്കഥയായത്.
സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഫെഫര്‍ നേട്ടമാണ് സൗത്ത് ആഫ്രിക്കയെ നാണക്കേടിലേക്ക് തള്ളിവിട്ടത്. മൂന്ന് മെയിഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡ്ഡിങ്ഹാം, മാര്‍കോ യാന്‍സെന്‍, കൈല്‍ വെരായ്‌നെ എന്നിവരെയാണ് സിറാജ് മടക്കിയത്.
സിറാജിന് പുറമെ മുകേഷ് കുമാറും ജസ്പ്രീത് ബുംറയും ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയാണ് ഇരുവരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 55 റണ്‍സിന് ലീഡ് ചെയ്യുകയാണ്. 22 ഓവര്‍ പിന്നിടുമ്പോള്‍ 110 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
യശസ്വി ജെയ്‌സ്വാള്‍ (എഴ് പന്തില്‍ പൂജ്യം), രോഹിത് ശര്‍മ (50 പന്തില്‍ 39), ശുഭ്മന്‍ ഗില്‍ (55 പന്തില്‍ 36) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 25 പന്തില്‍ 20 റണ്‍സുമായി വിരാട് കോഹ്‌ലിയും റണ്ണൊന്നും നേടാതെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
Content Highlight: South Africa sets two unwanted records against India