| Wednesday, 1st November 2023, 6:04 pm

അടിച്ചത് കിവികളെയാണെങ്കിലും കണ്ണീര്‍ ചാമ്പ്യന്‍മാര്‍ക്കാണ്; ബൗണ്ടറി കണക്കിലെ ഇംഗ്ലണ്ടിന്റെ ആ റെക്കോഡും തകര്‍ന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ വീണ്ടും ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്ക. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ടീം എന്ന റെക്കോഡാണ് സൗത്ത് ആഫ്രിക്ക നേടിയത്. 2023 ലോകകപ്പിന്റെ 32ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് പ്രോട്ടീസ് സിക്‌സറടിച്ച് റെക്കോഡിട്ടത്.

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ 46ാം ഓവറിലെ രണ്ടാം പന്തിലാണ് സൗത്ത് ആഫ്രിക്ക ചരിത്രം കുറിച്ചത്. ഗ്ലെന്‍ ഫിലിപ്‌സിനെ സിക്‌സറിന് പറത്തി ഡേവിഡ് മില്ലറാണ് സൗത്ത് ആഫ്രിക്കയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.

തൊട്ടടുത്ത പന്തില്‍ മറ്റൊരു സിക്‌സര്‍ കൂടി നേടി ഡേവിഡ് മില്ലര്‍ ലോകകപ്പ് റെക്കോഡ് നേട്ടം വീണ്ടും ആഘോഷിക്കുകയും ചെയ്തു.

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീം

(ടീം – നേടിയ സിക്‌സറുകളുടെ എണ്ണം – ലോകകപ്പ് എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – 79 (ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലെ 48ാം ഓവര്‍ വരെ) – 2023

ഇംഗ്ലണ്ട് – 76 – 2019

വെസ്റ്റ് ഇന്‍ഡീസ് – 68 – 2015

ഓസ്‌ട്രേലിയ – 67 – 2007

അതേസമയം, ന്യൂസിലാന്‍ഡിനെതിരെ പടുകൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ് സൗത്ത് ആഫ്രിക്ക. നിലവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ 325 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് പ്രോട്ടീസ്.

24 പന്തില്‍ 40 റണ്‍സുമായി ഡേവിഡ് മില്ലറും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ഹെന്റിച്ച് ക്ലാസനുമാണ് ക്രീസില്‍.

സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്കിന്റെയും റാസി വാന്‍ ഡെര്‍ ഡെര്‍ ഡസന്റെയും സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക വന്‍ സ്‌കോറിലേക്കുയര്‍ന്നത്.

ഡി കോക്ക് 116 പന്തില്‍ 10 ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 114 റണ്‍സ് നേടിയപ്പോള്‍ 118 പന്തില്‍ 133 റണ്‍സായിരുന്നു വാന്‍ ഡെര്‍ ഡസന്റെ സമ്പാദ്യം. ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറുമാണ് ആര്‍.വി.ഡിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

Content highlight: South Africa scored most sixes in a world cup edition

We use cookies to give you the best possible experience. Learn more