ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ അപൂര്‍വ നേട്ടവുമായി ആതിഥേയര്‍. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 400+ സ്‌കോര്‍ നേടിയ ടീം എന്ന റെക്കോഡാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് സൗത്ത് ആഫ്രിക്ക ഈ നേട്ടം സ്വന്തമാക്കുന്നത്.
ഹെന്റിച്ച് ക്ലാസന്റെ സെഞ്ച്വറിയുടെയും ഡേവിഡ് മില്ലര്‍ എന്ന കില്ലര്‍ മില്ലറിന്റെയും റാസി വാന്‍ ഡെര്‍ ഡുസന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് പ്രോട്ടീസ് തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ക്ലാസന്‍ 83 പന്തില്‍ നിന്നും 13 വീതം സിക്‌സറും ബൗണ്ടറിയുമടിച്ച് 174 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 45 പുറത്താകാതെ 82 റണ്‍സും റാസി വാന്‍ ഡെര്‍ ഡുസെന്‍ 65 പന്തില്‍ 62 റണ്‍സും നേടി. ഇതോടെ പ്രോട്ടീസ് സ്‌കോര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 416 എന്ന നിലയിലെത്തി.
A knock to remember for the ages…
Take a bow, Heinrich Klaasen 🙌#SAvAUS pic.twitter.com/DMfLvAruF5
— ICC (@ICC) September 15, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അലക്‌സ് കാരിയുടെ പ്രകടനത്തില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും പ്രോട്ടീസിന്റെ റണ്‍മല താണ്ടാന്‍ സാധിച്ചില്ല. 34.5 ഓവറില്‍ കങ്കാരുക്കള്‍ 252 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ചരിത്രത്തിലെ ഏഴാം 400+ സ്‌കോറും 164 റണ്‍സിന്റെ വിജയവുമായാണ് പ്രോട്ടീസ് സീരീസ് ഡിസൈഡറിനിറങ്ങുന്നത്.
Alex Carey falls for 99 and South Africa pull off a brilliant win to level the series 😯#SAvAUS | 📝: https://t.co/B44MFago3F pic.twitter.com/dYuR7E6HHz
— ICC (@ICC) September 15, 2023
ഇതുവരെ ഏഴ് ടീമുകള്‍ക്ക് മാത്രമാണ് ഏകദിനത്തിലെ 400 എന്ന മാജിക്കല്‍ നമ്പര്‍ താണ്ടാന്‍ കഴിഞ്ഞത്. സൗത്ത് ആഫ്രിക്കക്ക് പുറമെ ഇന്ത്യയും ഇംഗ്ലണ്ടും സിംബാബ്‌വേയും അടക്കമുള്ള ചില ടീമുകള്‍ മാത്രമാണ് ഈ നേട്ടത്തില്‍ തങ്ങളുടെ പേരെഴുതിച്ചേര്‍ത്തിട്ടുള്ളത്.
ഏകദിനത്തില്‍ ഏറ്റവുമധികം 400+ സ്‌കോര്‍ നേടിയ ടീമുകള്‍
സൗത്ത് ആഫ്രിക്ക – 7
ഇന്ത്യ – 6
ഇംഗ്ലണ്ട് – 5
ശ്രീലങ്ക – 2
ഓസ്‌ട്രേലിയ – 2
ന്യൂസിലാന്‍ഡ് – 1
സിംബാബ്‌വേ – 1
പലപ്പോഴായി മൂന്ന് ടീമുകള്‍ 399 റണ്‍സ് വരെയെത്തിരുന്നു. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരാണ് ചരിത്രനേട്ടത്തിന് തൊട്ടടുത്തെത്തിയിട്ടും വീണുപോയത്.
2010ലാണ് സൗത്ത് ആഫ്രിക്ക 399ല്‍ വീണത്. ബെനോനിയില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വേ ആയിരുന്നു എതിരാളികള്‍. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്ലോയംഫോണ്ടെയ്‌നില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോടാണ് ഇംഗ്ലണ്ട് 399ല്‍ പോരാട്ടം അവസാനിപ്പിച്ചത്.
2018 ജൂലൈ 20ന് ബുലവായില്‍ നടന്ന മത്സരത്തിലാണ് പാകിസ്ഥാന് സ്വപ്‌നനേട്ടം കയ്യകലത്ത് നിന്നും നഷ്ടമായത്. സിംബാബ്‌വേ ആയിരുന്നു എതിരാളികള്‍. ഫഖര്‍ സമാന്റെ ഇരട്ട സെഞ്ച്വറിയും (122 പന്തില്‍ 210*) ഇമാം ഉള്‍ ഹഖിന്റെ സെഞ്ച്വറിയും (122 പന്തില്‍ 113) ആസിഫ് അലിയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും (22 പന്തില്‍ 50*) ആണ് പാകിസ്ഥാനെ 399ലെത്തിച്ചത്. മത്സരത്തില്‍ പാകിസ്ഥാന്‍ 244 റണ്‍സിന് വിജയിച്ചിരുന്നു.
ഇതിന് പുറമെ രണ്ട് ടീമുകള്‍ 398 റണ്‍സിനും 397 റണ്‍സിനും പുറത്തായിരുന്നു. ശ്രീലങ്കയും ന്യൂസിലാന്‍ഡും 398 റണ്‍സിന് പോരാട്ടമവസാനിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനുമാണ് 397ന് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നത്.
Content highlight: South Africa scored 7th 400+ score in ODI