| Saturday, 21st October 2023, 7:13 pm

ഒരു വൈഡ് കൂടി എറിയാമായിരുന്നില്ലേ; സ്വന്തം റെക്കോഡ് തിരുത്താന്‍ സമ്മതിക്കാതെ ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 20ാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി സൗത്ത് ആഫ്രിക്ക. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 399 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.

മിഡില്‍ ഓര്‍ഡറില്‍ ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പ്രോട്ടീസിന് വമ്പന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. 67 പന്തില്‍ 12 ബൗണ്ടറിയും നാല് സിക്‌സറും അടക്കം 109 റണ്‍സാണ് ക്ലാസന്‍ നേടിയത്.

ക്ലാസന് പുറമെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ റീസ ഹെന്‍ഡ്രിക്‌സും മാര്‍കോ യാന്‍സെനും റാസി വാന്‍ ഡെര്‍ ഡസനുമാണ് ടോട്ടലിലേക്ക് മികച്ച രീതിയില്‍ സംഭാവനകള്‍ നല്‍കിയത്. ഹെന്‍ഡ്രിക്‌സ് 75 പന്തില്‍ 85 റണ്‍സ് നേടിയപ്പോള്‍ വാന്‍ ഡെര്‍ ഡസന്‍ 61 പന്തില്‍ 60 റണ്‍സും നേടി.

42 പന്തില്‍ നിന്നും പുറത്താകാതെ 75 റണ്‍സാണ് യാന്‍സെന്‍ നേടിയത്. ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒറ്റ റണ്‍ കൂടി സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ ഏറ്റവുമധികം തവണ നാന്നൂറോ അതിലധികമോ സ്‌കോര്‍ ചെയ്ത ടീം എന്ന സ്വന്തം റെക്കോഡ് തിരുത്താന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കുമായിരുന്നു.

ഇംഗ്ലണ്ടിനെതിരെ 400 റണ്‍സ് നേടിയിരുന്നെങ്കില്‍ ഏകദിനത്തില്‍ ഒമ്പതാം തവണ 400 എന്ന മാര്‍ക് പിന്നിടാനും പ്രോട്ടീസിന് സാധിക്കുമായിരുന്നു. ഈ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെയാണ് സൗത്ത് ആഫ്രിക്ക അവസാനമായി 400 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ഏകദിനത്തില്‍ ഏറ്റവുമധികം 400+ സ്‌കോര്‍ നേടിയ ടീമുകള്‍

സൗത്ത് ആഫ്രിക്ക – 8

ഇന്ത്യ – 6

ഇംഗ്ലണ്ട് – 5

ശ്രീലങ്ക – 2

ഓസ്ട്രേലിയ – 2

ന്യൂസിലാന്‍ഡ് – 1

സിംബാബ്‌വേ – 1

അതേസമയം, ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദും ഗസ് ആറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്കക്ക് ഇത് അഭിമാനത്തിന്റെ കൂടി പോരാട്ടമാണ്. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മടങ്ങി വരാന്‍ തന്നെയാകും പ്രോട്ടീസ് ഒരുങ്ങുന്നത്.

400 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ടിന് നാല് ഓവറിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 12 പന്തില്‍ 10 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെയും ആറ് പന്തില്‍ രണ്ട് റണ്‍സ് നേടിയ ജോ റൂട്ടിന്റെയും വിക്കറ്റാണ് ത്രീ ലയണ്‍സിന് നഷ്ടമായത്. ബെയര്‍സ്‌റ്റോയെ ലുന്‍ഗി എന്‍ഗിഡി പുറത്താക്കിയപ്പോള്‍ മാര്‍കോ യാന്‍സെനാണ് റൂട്ടിനെ മടക്കിയത്.

നിലവില്‍ നാല് ഓവറില്‍ 23ന് രണ്ട് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആറ് പന്തില്‍ ആറ് റണ്‍സുമായി ഡേവിഡ് മലനും ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.

Content Highlight: South Africa scored 399 runs against England

We use cookies to give you the best possible experience. Learn more