| Wednesday, 10th July 2024, 11:42 am

തോല്‍വിയറിയാതെ തിരുത്തിക്കുറിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം; കിരീടപ്പോരാട്ടത്തിന് മുമ്പ് ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഇന്ത്യ. പര്യടനത്തിലെ ഒറ്റ പരമ്പര പോലും പരാജയപ്പെടാതെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഇതോടെ ഒരു സ്വപ്‌ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇതാദ്യമായാണ് ഇന്ത്യ ഒരു പര്യടനത്തിലെ മൂന്ന് പരമ്പരകളില്‍ (ടെസ്റ്റ്, ഏകദിനം, ടി-20) ഒന്നില്‍ പോലും പരാജയപ്പെടാതെ തുടരുന്നത്.

ടെസ്റ്റ്: വിജയം (1-0)
ഏകദിനം: വിജയം (3-0)
ടി-20: സമനില (1-1)

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത്. സ്മൃതി മന്ഥാനയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും പൂജ വസ്ത്രാര്‍ക്കര്‍ അടക്കമുള്ള ബൗളര്‍മാരുടെ കരുത്തിലും മൂന്ന് മത്സരവും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ 143 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനും മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനും വിജയിച്ചുകയറി.

യുവതാരം ഷെഫാലി വര്‍മയുടെയും സ്‌നേഹ് റാണയുടെയും കരുത്തില്‍ വണ്‍ ഓഫ് ടെസ്റ്റും ഇന്ത്യ വിജയിച്ചുകയറി. ഷെഫാലി ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ടെന്‍ഫറുമായാണ് സ്‌നേഹ് റാണ കരുത്ത് കാട്ടിയത്.

സ്‌കോര്‍

ഇന്ത്യ – 603/6d & 37/0
സൗത്ത് ആഫ്രിക്ക – 266 & 373

ടി-20 പരമ്പരയിലാണ് ഇന്ത്യ ആദ്യമായി തോല്‍വിയറിയുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. പ്രോട്ടിയാസ് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 177ന് നാല് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു.

രണ്ടാം മത്സരം ഫലമില്ലാത്ത ഉപേക്ഷിച്ചതോടെ ഇരു ടീമിനും മൂന്നാം മത്സരം നിര്‍ണായകമായി. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര പരാജയപ്പെടാതെ കാത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയെ വെറും 84 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. പൂജ വസ്ത്രാര്‍ക്കറിന്റെ ഫോര്‍ഫറിന്റെ കരുത്തിലാണ് ഇന്ത്യ പ്രോട്ടിയാസിനെ കുഞ്ഞന്‍ സ്‌കോറിലൊതുക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

വനിതാ ഏഷ്യാ കപ്പാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ജൂലൈ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് വേദി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാര്‍കര്‍, അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ഡയലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയാങ്ക പാട്ടീല്‍, സജന സജീവന്‍.

ട്രാവലിങ് റിസര്‍വുകള്‍

ശ്വേത ഷെരാവത്, തനുജ കന്‍വെര്‍, സൈക ഇഷാഖ്, മേഘ്ന സിങ്.

ജൂലൈ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ശ്രീലങ്കയാണ് വേദി.

ഏഷ്യാ കപ്പില്‍ രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.

ഗ്രൂപ്പ് എ: ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, യു.എ.ഇ.

ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്‌ലാന്‍ഡ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് കളിക്കാനുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. ജൂലൈ 28നാണ് കലാശപ്പോരാട്ടം.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂലൈ 19vs പാകിസ്ഥാന്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

ജൂലൈ 21 vs യു.എ.ഇ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

ജൂലൈ 23 vs നേപ്പാള്‍ – റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം.

Also Read:  ലാസ്റ്റ് ഡാന്‍സിനായി ഇന്ന് ക്രിക്കറ്റിന്റെ മക്കയിലേക്ക്; ആവേശവും അതിലേറെ നിരാശയുമായി ക്രിക്കറ്റ് ലോകം

Also Read: ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമാണ് ഇനി മെസിയുടെ സ്ഥാനം; അർജന്റീനക്ക് ഫൈനൽ ടിക്കറ്റ്

Also Read: ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് ചരിത്രനേട്ടത്തിലേക്ക്; ഫ്രാൻസിനെതിരെ 16കാരന്റെ ആറാട്ട്

Content highlight: South Africa’s tour of India: This is the first time India women were unbeaten in all 3 formats of same tour.

We use cookies to give you the best possible experience. Learn more