Sports News
അമ്പോ! അമ്പമ്പോ!! എജ്ജാദി അടി; അഞ്ച് ഓവറില്‍ സെഞ്ച്വറി; ഇതിഹാസമായി പ്രോട്ടീസ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 26, 03:56 pm
Sunday, 26th March 2023, 9:26 pm

 

ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഒരിക്കല്‍ക്കൂടി ഞെട്ടിച്ച് സൗത്ത് ആഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയില്‍ ചരിത്രം സൃഷ്ടിച്ചാണ് പ്രോട്ടീസ് ക്രിക്കറ്റ് ആരാധകരുടെ കയ്യടി വാങ്ങിയത്.

ടി-20 ഫോര്‍മാറ്റിലെ പവര്‍പ്ലേയില്‍ നൂറ് റണ്‍സ് തികയ്ക്കുന്ന ആദ്യ ടീം എന്ന റെക്കോഡ് നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിന്റെയും റീസ ഹെന്‍ഡ്രിക്‌സിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പ്രോട്ടീസിനെ ആറാം ഓവറിലെ നാലാം പന്തില്‍ നൂറ് കടത്തിയത്.

22 പന്തില്‍ നിന്നും 64 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും 12 പന്തില്‍ 35 റണ്‍സുമായി റീസ ഹെന്‍ഡ്രിക്‌സുമാണ് 34ാം പന്തില്‍ പ്രോട്ടീസിനെ സെഞ്ച്വറിയടിപ്പിച്ചത്. മത്സരത്തില്‍ ഡി കോക്ക് സെഞ്ച്വറിയും നേടിയിരുന്നു.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കിലെ ബാറ്റിങ് പിച്ചിന്റെ സകല ആനുകൂല്യവും മുതലാക്കിയായിരുന്നു വിന്‍ഡീസ് തകര്‍ത്തടിച്ചത്.

46 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും 11 സിക്‌സറുമായി 118 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെ ബാറ്റിങ്ങായിരുന്നു വിന്‍ഡീസിനെ തകര്‍പ്പന്‍ സ്‌കോറിലേക്കുയര്‍ത്തിയത്. കൈല്‍ മയേഴ്‌സിന്റെ 51ഉം റൊമാരിയോ ഷെപ്പേര്‍ഡിന്റെ 41ഉം വിന്‍ഡീസിനെ 258 റണ്‍സിലേക്കുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ബീസ്റ്റ് മോഡിലായിരുന്നു. കരീബിയന്‍ കരുത്തരെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് പ്രോട്ടീസ് അടിച്ചുകൂട്ടിയത്.

152 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പ്രോട്ടീസ് തങ്ങളുടെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. 44 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച് ഡി കോക്ക് ആദ്യം പുറത്തായി. നാല് പന്തില്‍ നിന്നും 16 റണ്ണടിച്ച റിലി റൂസോയുടെ വിക്കറ്റും പ്രോട്ടീസിന് പെട്ടെന്ന് നഷ്ടമായി.

എന്നാല്‍ ഒരറ്റത്ത് നിന്ന് ഹെന്‍ഡ്രിക്‌സ് തകര്‍ത്തടിക്കുകയും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ആ വെടിക്കെട്ട് തുടരുകയും ചെയ്തപ്പോള്‍ ഏഴ് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ പ്രോട്ടീസ് വിജയം കുറിച്ചു.

 

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയാക്കാനും സൗത്ത് ആഫ്രിക്കക്കായി. മാര്‍ച്ച് 28നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് വേദി.

 

 

Content highlight: South Africa’s record setting knock against West Indies