കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിച്ചത്. മൂന്ന് ഏകദിനവും മൂന്ന് ടി-20യും അത്രതന്നെ ടെസ്റ്റുമാണ് ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയാണ് ആദ്യം തുടങ്ങിയത്.
പ്രോട്ടീസീനെതിരെയുള്ള പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ബെന്‍ സ്റ്റോക്‌സിന്റെ അവസാന ഏകദിന മത്സരം കൂടിയായിരുന്നു ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ഏകദിനം.
സ്റ്റോക്‌സിന്റെ വിടവാങ്ങല്‍ മത്സരം എന്നതിലുപരി മറ്റൊരു പ്രത്യേകത കൊണ്ടാണ് ഇംഗ്ലണ്ട് റിവര്‍ സൈഡ് സ്റ്റേഡിയത്തിലെ മത്സരം ശ്രദ്ധ നേടിയത്. പ്രോട്ടീസിന്റെ സൂപ്പര്‍ ഇന്നിങ്‌സിലായിരുന്നു ആ അപൂര്‍വമായ ‘പ്രതിഭാസം’ അരങ്ങേറിയത്.
ഇംഗ്ലണ്ട് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും ഒന്നിനൊന്ന് മെച്ചം എന്ന് പറഞ്ഞതുപോലെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അടിവാങ്ങിക്കൂട്ടിയിരുന്നു. സാം കറനും യുവതാരം മാത്യു പോട്‌സും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമെല്ലാം തന്നെ ദക്ഷിണാഫ്രിക്കയുടെ കരുത്തറിഞ്ഞു.
എന്നാല്‍ ഒരു സിക്‌സര്‍ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ 50 ഓവര്‍ എറിഞ്ഞു തീര്‍ത്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു സിക്‌സര്‍ പോലും അടിക്കാതെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ 333 റണ്‍സടിച്ചുകൂട്ടിയത്.
ഒന്നാമനായി ഇറങ്ങിയ ജന്നേമന്‍ മലന്‍ മുതല്‍ ഏഴാമനായി ഇറങ്ങിയ ആന്‍ഡൈല്‍ പെഹ്‌ലുക്വായോ വരെ ഒരാള്‍ പോലും സിക്‌സറടിച്ചിട്ടില്ല.
മലനും മര്‍ക്രമും ഒറ്റ സിക്‌സര്‍ പോലും അടിക്കാതെയാണ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയതെങ്കില്‍ റാസി വാന്‍ ഡെര്‍ ഡുസന്‍ സെഞ്ച്വറിയടിച്ചതും മാക്‌സിമത്തിന്റെ അകമ്പടിയില്ലാതെയായിരുന്നു.
അതേസമയം, ആദ്യ ഏകദിനത്തില്‍ 62 റണ്‍സിന്റെ വിജയവുമായി പ്രോട്ടീസ് പരമ്പരയില്‍ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്. ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലൊതുക്കിയത്.
ഓപ്പണര്‍ മലന്റെ വെടിക്കെട്ടോടെയാണ് പ്രോട്ടീസ് തുടങ്ങിയത്. 77 പന്തില്‍ നിന്നും 57 റണ്‍സ് നേടിയപ്പോള്‍ ഡി കോക്ക് 19 റണ്‍സ് നേടി പുറത്തായി. വണ്‍ ഡൗണായി റാസിയുമെത്തിയതോടെ പ്രോട്ടീസ് സ്‌കോര്‍ പറപറന്നു. 117 പന്തില്‍ നിന്നും 134 റണ്‍സായിരുന്നു വാന്‍ ഡെര്‍ ഡുസന്റെ ബാറ്റില്‍ നിന്നും പിറന്നത്.
നാലാമന്‍ എയ്ഡന്‍ മര്‍ക്രം 61 പന്തില്‍ നിന്നും 77 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് മില്ലറും ക്ലാസെനും തരക്കേടില്ലാത്ത പ്രകടനം ബാറ്റിങ്ങില്‍ പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജേസണ്‍ റോയ് 43 റണ്‍സും ബെയര്‍സ്‌റ്റോ 63ഉം റണ്‍സെടുത്തു.
ഏകദിനത്തില്‍ തന്റെ പ്രതിഭ മങ്ങിപ്പോയെന്ന വിമര്‍ശനത്തിന് വായടപ്പിച്ചുള്ള മറുപടിയായിരുന്നു ജോ റൂട്ട് നല്‍കിയത്. 77 പന്തില്‍ നിന്നും 5 ഫോറും രണ്ട് സിക്‌സറുമടക്കം 86 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.
ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്ക് സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് തളര്‍ന്നു. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീണുകൊണ്ടേയിരുന്നപ്പോള്‍ 271ന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.
53 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ട്‌ജെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ മര്‍ക്രമും ഷംസിയുമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ പതനം പൂര്‍ത്തിയായി.
ജൂലൈ 22 വെള്ളിയാഴ്ചയാണ് പരമ്പരയിലെ അടുത്ത മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുന്നത്.
Content highlight: South Africa’s incredible innings without hitting a sixer