| Sunday, 17th December 2023, 5:35 pm

എങ്ങനെ സഹിക്കും, മത്സരം കഴിയുന്നതിന് മുമ്പ് വന്‍ നാണക്കേട്; പിങ്കും സൗത്ത് ആഫ്രിക്കയെ തുണച്ചില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിനം പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ രണ്ട് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് സൗത്ത് ആഫ്രിക്ക അപകടം മുമ്പില്‍ കണ്ടത്.

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് എട്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് ഹെന്റിച്ച് ക്ലാസന്‍ മടങ്ങിയത്. അര്‍ഷ്ദീപ് സിങ്ങാണ് ഇരുവരെയും മടക്കിയത്.

അര്‍ഷ്ദീപിനൊപ്പം പേസര്‍ ആവേശ് ഖാനും വിക്കറ്റ് വീഴ്ത്താന്‍ മത്സരിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പാടുപെട്ടു.

മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ആന്‍ഡില്‍ ഫെലുക്വായോ ആണ് ചെറുത്തുനിന്നത്. 49 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. 22 പന്തില്‍ 28 റണ്‍സ് നേടിയ ഓപ്പണര്‍ ടോണി ഡി സോര്‍സിയാണ് പ്രോട്ടിയാസിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

അര്‍ഷ്ദീപും ആവേശും ആഞ്ഞടിച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക 116ന് പുറത്തായി. അര്‍ഷ്ദീപ് കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടം തന്റെ പേരില്‍ കുറിച്ചപ്പോള്‍ നാല് വിക്കറ്റുമായാണ് ആവേശ് ഖാന്‍ തരംഗമായത്. നാന്ദ്രേ ബര്‍ഗറിനെ പുറത്താക്കിയ കുല്‍ദീപ് യാദവാണ് സൗത്ത് അഫ്രിക്കന്‍ പതനം പൂര്‍ത്തിയാക്കിയത്.

തങ്ങളുടെ ഐക്കോണിക് പിങ്ക് ജേഴ്‌സിയും സൗത്ത് ആഫ്രിക്കയെ തുണച്ചില്ല. ടീമിന്റെ ഭാഗ്യ ജേഴ്‌സിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിങ്ക് ജേഴ്‌സിയണിഞ്ഞ് കളിച്ച 11 ഏകദിനത്തില്‍ ഒമ്പതിലും സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഒരു വമ്പന്‍ നാണക്കേടും സൗത്ത് ആഫ്രിക്കയെ തേടിയെത്തിയിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകേണ്ടി വന്നാണ് പ്രോട്ടിയാസ് തലകുനിച്ചുനിന്നത്.

ഹോം കണ്ടീഷനില്‍ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും മോശം ഏകദിന ടോട്ടലുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)

116 – vs ഇന്ത്യ – 2023 – ജോഹനാസ്‌ബെര്‍ഗ്

118 – vs ഇന്ത്യ – 2018 – സെഞ്ചൂറിയന്‍

119 – vs ഇംഗ്ലണ്ട് – 2009 – സെന്റ് ജോര്‍ജ്‌സ് പാര്‍ക്

129 – vs ഇംഗ്ലണ്ട് – 1996 – ഈസ്റ്റ് ലണ്ടന്‍

129 – vs ഓസ്‌ട്രേലിയ – 2011 – സെഞ്ചൂറിയന്‍

അതേസമയം, സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സ് പിന്തുടരുന്ന ഇന്ത്യ നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. പത്ത് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

26 പന്തില്‍ 27 റണ്‍സുമായി സായ് സുദര്‍ശനും 31 പന്തില്‍ 30 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

Content highlight: South Africa registers their world ODI total in home condition

Latest Stories

We use cookies to give you the best possible experience. Learn more