ഡിസംബര്‍ 12ന് സൗത്ത് ആഫ്രിക്കെതിരെ ഇന്ത്യയുടെ രണ്ടാം ടി ട്വന്റി മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ഇറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കി.വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പ്രോട്ടിയാസ് നിലവില്‍ കളി തുടരുമ്പോള്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 38 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസില്‍ രീസ ഹെന്‍ട്രിക്‌സ് എട്ടു പന്തില്‍ നിന്ന് 20 റണ്‍സുമായും മാത്യു ബ്രീറ്റ്‌സ്‌കെ ഏഴ് പന്തില്‍ 16 റണ്‍സുമായും തുടരുന്നുണ്ട്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനെയും ശുഭ്മന്‍ ഗില്ലിനേയും പൂജ്യം റണ്‍സിനാണ് നഷ്ടപ്പെട്ടത്. മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ ഡേവിഡ് മില്ലര്‍ ആണ് ജയ്‌സ്വാളിനെ പുറത്താക്കിയത്. ലിസാഡ് വില്യംസിന്റെ എല്‍.ബി.ഡബ്ലിയു അപ്പീലിലാണ് ഗില്‍ കൂടാരം കയറിയത്. മോശം തുടക്കം കാഴ്ചവെച്ച ഇന്ത്യക്ക് വണ്‍ ഡൗണില്‍ ഇറങ്ങിയ തിലക് വര്‍മ 20 പന്തില്‍ നിന്ന് ഒരു സിക്‌സറും നാല് ബൗണ്ടറിയും അടക്കം 29 റണ്‍സ് ടീമിന് നല്‍കി മികച്ച പ്രകടനം കാഴ്ചവെച്ചു. ജെറാള്‍ഡ് കോര്‍ട്ടസിയുടെ പന്തില്‍ വര്‍മ ജാന്‍സിന്റെ കൈകളിലേക്ക് വിക്കറ്റ് കൊടുക്കുകയായിരുന്നു.
ബാറ്റിങ് നിരയിലെ തകര്‍ച്ചക്ക് ശേഷം എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. നിര്‍ണായക ഘട്ടത്തില്‍ 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 5 ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 155.56 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. എന്നാല്‍ തബ്രായിസ് ഷംസിയെ ആക്രമിച്ചു കളിക്കുമ്പോള്‍ മാര്‍ക്കോ ജാന്‍സന് വിക്കറ്റ് നല്‍കി താരം മടങ്ങുകയായിരുന്നു.
മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും അടക്കം 68 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. സൂര്യകുമാറിന് ശേഷം ടീമിനെ സമ്മര്‍ദത്തില്‍ ആക്കാതെ മികച്ച രീതിയിലാണ് റിങ്കു ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത്.
ജിതേഷ് ശര്‍മക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശേഷം ഇറങ്ങിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 14 പന്തില്‍ ഒരു സിക്‌സറും ഒരു ബൗണ്ടറിയും നേടി 19 റണ്‍സ് കണ്ടെത്തി.
Content Highlight: South Africa need 152 Runs to Win