| Sunday, 29th December 2024, 1:16 pm

വല്ലാത്തൊത്തൊരു ബോക്‌സിങ് ഡേ; സൗത്ത് ആഫ്രിക്ക ജയിച്ചാല്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ പ്രോട്ടിയാസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.

പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 237 റണ്‍സ് ആയിരുന്നു നേടാന്‍ സാധിച്ചത്. ഇതോടെ 148 റണ്‍സിന്റെ വിജയലക്ഷമാണ് പാക്കിസ്ഥാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് നല്‍കിയത്.

ഈ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനും സാധിക്കും.

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയത് സൗദ് ഷക്കീലാണ്. 113 പന്തില്‍ നിന്ന് 84 റണ്‍സ് ആണ് ഷക്കീല്‍ നേടിയത്. ഷക്കീലിന് പുറമേ ബാബര്‍ അസം 50 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും തന്നെ കാര്യമായി ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

സൗത്ത് ആഫ്രിക്കയുടെ ഓപ്പണര്‍ ടോണി ഡി സോസിയെ രണ്ട് റണ്‍സിന് പുറത്താക്കിയത് മുഹമ്മദ് അബ്ബാസാണ്. വണ്‍ ഡൗണ്‍ ബാറ്റര്‍ റിയാന്‍ റിക്കില്‍ടണ്‍ പൂജ്യം റണ്‍സിന് പുറത്തായത് ഖുറാം ഷഹസാറിന്റെ പന്തിലാണ്.

നിലവില്‍ പ്രോട്ടിയാസിന് വേണ്ടി ക്രീസിലുള്ളത് ട്രിസ്റ്റന്‍ സ്റ്റബ്‌സും ക്യാപ്റ്റന്‍ തെംമ്പ ബവുമയുമാണ്. മത്സരത്തില്‍ ഏറെ നിര്‍ണായകമാകുന്നത് സൗത്ത് ആഫ്രിക്കയുടെ വിജയം തന്നെയായിരിക്കും. കാരണം സൗത്ത് ആഫ്രിക്ക ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് വലിയ രീതിയില്‍ മങ്ങല്‍ ഉണ്ടാക്കും.

ഇന്ത്യ പോയിന്റില്‍ മൂന്നാമത് എത്തിയാല്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ ആയിരിക്കും ഫൈനല്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയ.

എന്നാല്‍ സൗത്ത് ആഫ്രിക്ക ഈ മത്സരത്തില്‍ പരാജയപ്പെടുകയും ഇന്ത്യ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് വിജയിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കും.

Content Highlight: South Africa Need 148 Runs To Won Against Pakistan In One Of Test

We use cookies to give you the best possible experience. Learn more