വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ കഴിഞ്ഞ മത്സരത്തില്‍ സട കുടഞ്ഞെഴുന്നേറ്റത്. സെഞ്ച്വറിയോ അര്‍ധ സെഞ്ച്വറിയോ നേടാന്‍ സാധിച്ചില്ലെങ്കിലും ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും ഇംപാക്ട്ഫുള്ളായ പ്രകടനമായിരുന്നു പ്രോട്ടീസ് നായകന്‍ പുറത്തെടുത്തത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഡി കോക്കിനെയും റിലി റൂസോയെയും നേരത്തെ നഷ്ടമായ പ്രോട്ടീസിന് പ്രതീക്ഷ നല്‍കിക്കൊണ്ട് ബാവുമ റണ്‍സ് നേടിക്കൊണ്ടിരുന്നു.
19 പന്തില്‍ നിന്നും നാല് ഫോറും ഒരു സിക്‌സറുമുള്‍പ്പടെ 36 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2022 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ ഇതുവരെയുള്ള മത്സരത്തില്‍ തെംബ ബാവുമ കത്തിക്കയറിയ മത്സരമായിരുന്നു ഇത്.
എന്നാല്‍ മറ്റ് മത്സരഫലം പോലെ അല്ലായിരുന്നു പാകിസ്ഥാനോട് ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്. ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 33 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ തോല്‍വി.
2022 ടി-20 ലോകകപ്പില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ ഒന്നില്‍ല്‍ പോലും സൗത്ത് ആഫ്രിക്ക തോറ്റിരുന്നില്ല. മഴ കളിച്ച ആദ്യ മത്സരത്തില്‍ സിംബാബ്‌വേക്കൊപ്പം പോയിന്റ് പങ്കുവെച്ച സൗത്ത് ആഫ്രിക്ക തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും ആധികാരികമായായിരുന്നു ജയിച്ചത്.
കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് അപരാജിത കുതിപ്പ് നടത്തിയ സൗത്ത് ആഫ്രിക്ക ഒടുവില്‍ പാകിസ്ഥാന് മുമ്പില്‍ വീഴുകയായിരുന്നു.
സൗത്ത് ആഫ്രിക്ക ജയിച്ച മത്സരത്തിലെല്ലാം തന്നെ പ്രോട്ടീസ് നായകന്‍ തെംബ ബാവുമ മോശം പ്രകടനമായിരുന്നു നടത്തിയത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. 15 പന്തില്‍ നിന്നും പത്ത് റണ്‍സാണ് ഇന്ത്യക്കെതിരായ മത്സരത്തില്‍ ബാവുമ സ്വന്തമാക്കിയത്.
ഷെവ്‌റോണ്‍സിനെതിരായ മത്സരത്തില്‍ രണ്ട് പന്തില്‍ നിന്നും പുറത്താവാതെ രണ്ട് റണ്‍സാണ് താരം നേടിയത്.