ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പൊസിഷനില്‍ കളിക്കുന്ന മറ്റെല്ലാ താരങ്ങള്‍ക്കും മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഡെയ്ല്‍ സ്റ്റെയ്ന്‍. ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ ആ പൊസിഷന് വേണ്ടി എത്തുന്നുണ്ടെന്നും പന്തിനെ മറികടക്കുമെന്നും സ്റ്റെയ്ന്‍ പറയുന്നു.
ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രതിഭയുള്ള താരമാണ് ഇഷാന്‍ കിഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ബീഹാറില്‍ നിന്നുള്ള ഈ യുവതാരം പുറത്തെടുത്തത്. പരമ്പരയില്‍ ഇന്ത്യ 2-1ന് വിജയിച്ചതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നും ഇഷാന്‍ കിഷന്‍ തന്നെയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കിഷന്‍ 93 റണ്‍സായിരുന്നു നേടിയത്. തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ഇഷാന്‍ പറഞ്ഞത്.
ഇന്ത്യക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെയാണ് ഇഷാന്‍ കിഷനെ പ്രശംസിച്ച് സ്റ്റെയ്ന്‍ എത്തിയത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അവന്‍ വളരെ ചെറുതായിരുന്നപ്പോള്‍ ഞാന്‍ അവനൊപ്പം ഐ.പി.എല്ലില്‍ കളിച്ചിരുന്നു. അവന്‍ ശരിക്കും ഒരു റോക്ക് സ്റ്റാര്‍ തന്നെയയാിരുന്നു, അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും അവനെ ജസ്റ്റിന്‍ ബീബര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അവന്‍ വളരുന്നതും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും ഞാന്‍ കണ്ടിരുന്നു.
ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരിക്കെ തന്നെ അവന്‍ അപാരമാംവിധം ഷോട്ടുകളടിക്കുന്നു. നോര്‍ട്‌ജെക്കെതിരെ അവന്‍ നേടിയത് ചെറിയ സിക്‌സറുകളൊന്നുമല്ല. കൃത്യമായ ടൈമിങ്ങും ശക്തിയുമാണത്. ഇതിന് പുറമെ ഒരു ബൗളറെ എപ്പോള്‍ നേരിടണം എന്നും അവന് കൃത്യമായി അറിയാം.
അവന്‍ മികച്ച കളിക്കാരനാണ്. മികച്ച താരങ്ങളുള്ള ഇന്ത്യന്‍ ടീമില്‍ റിഷബ് പന്താണ് ഇപ്പോള്‍ അവന്റെ പൊസിഷനില്‍ കളിക്കുന്നത്. റിഷബ് പന്തും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പൊസിഷനില്‍ കളിക്കുന്ന മറ്റെല്ലാവരും നോക്കിയിരുന്നോളൂ, കാരണം ആ പൊസിഷന് വേണ്ടി ഇഷാന്‍ കിഷന്‍ വരുന്നുണ്ട്,’ സ്റ്റെയ്ന്‍ പറഞ്ഞു.
രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന് പരമ്പരയിലെ ആദ്യത്തേയും മൂന്നാമത്തേയും മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.