ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം ദക്ഷിണാഫ്രിക്കക്ക് പ്രചോദനം: മണ്ടേലയുടെ കൊച്ചു മകന്‍
Trending
ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം ദക്ഷിണാഫ്രിക്കക്ക് പ്രചോദനം: മണ്ടേലയുടെ കൊച്ചു മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 1:50 pm

കേപ്പ് ടൗൺ: ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യം ലോക ജനതക്ക് പ്രചോദനമാണെന്ന് നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍ എന്‍കോസി സ്വെവെലിലി മണ്ടേല. ഫലസ്തീന്‍ ജനതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിച്ചുകൊണ്ടിരിക്കുമെന്നും സ്വെവെലിലി മണ്ടേല പറഞ്ഞു.

സയണിസത്തെ എതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിരന്തര പരിശ്രമത്തിലൂടെയും മാത്രമേ അത് സാധ്യമാകൂ. അതിന് ഉത്തമ ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇസ്താംബൂളിലെ അനഡോലു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലയിലായിരുന്നു സ്വെവെലിലി മണ്ടേലയുടെ പ്രതികരണം.

ഇസ്രഈലിനെ വംശഹത്യക്ക് വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ട ആദ്യത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇതിനെത്തുടര്‍ന്നുണ്ടായ ഇടക്കാല വിധിയില്‍ ഇസ്രഈല്‍ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തിവെക്കണമെന്നും ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കണമെന്നും പറഞ്ഞിരുന്നു.

‘ദക്ഷിണാഫ്രിക്ക വര്‍ണ വിവേചനത്തിനെതിരെ എങ്ങനെയാണു പൊരുതിയതെന്ന് ലോകം കണ്ടതാണ്. കൂട്ടായ പോരാട്ടത്തിന്റെ പ്രതിഫലനമെന്നോണമാണ് രാജ്യം പ്രതിസന്ധികളെ അതിജീവിച്ചത്. നെല്‍സന്‍ മണ്ടേല ഫലസ്തീന്‍ പ്രശ്നത്തെ ആഗോള പ്രശ്നമായി കണ്ട നേതാവാണ്. അദ്ദേഹം അവിടം സന്ദര്‍ശിക്കുകയും ഫലസ്തിന്‍ ജനതയുടെ സ്വാതന്ത്ര്യത്തോടെ മാത്രമേ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം പൂര്‍ണമാകൂ എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു,’ സ്വെവെലിലി മണ്ടേല പറഞ്ഞു.

ആഗോള സ്ഥാപനങ്ങളില്‍ നടത്തേണ്ട പരിഷ്‌കരണങ്ങളെകുറിച്ചും സ്വെവെലിലി മണ്ടേല പറഞ്ഞു. ഇസ്രഈല്‍ നടത്തി കൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കില്ല. അത് കാലങ്ങളോളം തുടരും. അത്തരത്തിലുള്ള അക്രമണങ്ങള്‍ക്ക് സഹായമേകാന്‍ ആഗോള ശക്തികള്‍ തന്നെ ഉണ്ട്. എങ്കിലും ശക്തമായ പോരാട്ടം തുടരുകയും അതിനുള്ള വിശാലമായ വഴികള്‍ ആലോചിക്കുകയും ചെയ്യും.

എങ്ങനെയാണു ഇസ്രഈല്‍ ഒരു രാജ്യത്തെ ആക്രമിക്കുന്നതെന്നു നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ക്രൂരമായ വഴികളാണ് അവര്‍ അതിനായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മാനുഷിക സഹായം എത്തിക്കുന്നവരെ പോലും കൊന്നു കളയുന്ന രീതിയാണ് അവരുടേത്. എങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും തങ്ങള്‍ അവരെ ചെറുത്ത് തോല്പിക്കുമെന്നും സ്വെവെലിലി മണ്ടേല വ്യക്തമാക്കി.

Content Highlight: South Africa inspired by Palestinians; Mandela’s grandson