Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 16, 03:40 am
Thursday, 16th January 2025, 9:10 am

2025ല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ നിന്ന് പേസ് മാസ്റ്റര്‍ അന്റിച് നോര്‍ക്യ പുറത്തായി. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ താരം ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയാണ് ടൂര്‍ണമെന്റില്‍ നിന്നും മാറി നില്‍ക്കുന്നത്. പരിക്കേറ്റതിനാല്‍ താരത്തിന് സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ-20യിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടപ്പെടും.

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ഫിറ്റ്‌നസ് ഉറപ്പ് വരുത്തുന്നതിന് കഴിഞ്ഞ തിങ്കളാഴ്ച താരം സ്‌കാനിങ്ങിന് വിധേയനായിരുന്നു. സ്‌കാനിങ്ങില്‍ താരത്തിന്റെ പരിക്ക് വലുതാണെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി സുഖം പ്രാപിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയിലാണ് ഈ കാര്യം പറയുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി തിരിച്ചുവരവിന്റെ പാതയിലായിരുന്നു നോര്‍ക്യ. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ താരം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. നോര്‍ക്യ അവസാനമായി കളിച്ചത് കഴിഞ്ഞ ഡിസംബംര്‍ രണ്ടിന് നടന്ന അബുദാബി ടി-10ലാണ്. ഫെബ്രുവരി 21ന് കറാച്ചിയില്‍ അഫ്ഗാനിസ്ഥാനുമായിട്ടാണ് സൗത്ത് ആഫ്രിക്കയുടെ ആദ്യ മത്സരം.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ 19 മത്സരത്തില്‍ നിന്ന് 70 വിക്കറ്റുകള്‍ നേടിയ താരം ഏകദിനത്തിലെ 22 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി-20യില്‍ 42 മത്സരത്തില്‍ നിന്ന് 53 വിക്കറ്റും നേടാന്‍ നോര്‍ക്യയ്ക്ക് സാധിച്ചു.

സൗത്ത് ആഫ്രിക്കയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

തെംബ ബവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, എയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, വിയാന്‍ മുള്‍ഡര്‍, റിയാന്‍ റിക്കല്‍ടണ്‍, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ആന്റിക് നോര്‍ക്യ, കഗിസോ റബദ, തബ്രായിസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, റാസി വാന്‍ ഡെര്‍ ഡസ്സന്‍

Content Highlight: South Africa In Big Setback In 2025 Champions Trophy