പ്രോട്ടിയാസിന്റെ 'ഇരട്ട സെഞ്ച്വറിയില്‍' ലങ്ക വിറച്ചു; വമ്പന്‍ ലീഡില്‍ സൗത്ത് ആഫ്രിക്ക!
Sports News
പ്രോട്ടിയാസിന്റെ 'ഇരട്ട സെഞ്ച്വറിയില്‍' ലങ്ക വിറച്ചു; വമ്പന്‍ ലീഡില്‍ സൗത്ത് ആഫ്രിക്ക!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2024, 5:39 pm

ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഡര്‍ബനിലെ കിങ്സ്മീഡില്‍ നടക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക പ്രോട്ടിയാസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ സെക്ഷന്‍ അവസാനിച്ചപ്പോള്‍ 191 റണ്‍സിന് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ട് ആയി.

എന്നാല്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലങ്കയെ വെറും 42 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക വീഴ്ത്തിയത്.

നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന പ്രോട്ടിയാസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സാണ് നേടിയത്. മാത്രമല്ല 450 റണ്‍സിന്റെ കൂറ്റന്‍ ലീഡും ടീം സ്വന്തമാക്കി.

പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സെക്കന്റ് ഡൗണ്‍ ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും ക്യാപ്റ്റന്‍ തെമ്പ ബാവുമയുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും ലങ്കയെ തിരിച്ചടിച്ചത്. സ്റ്റബ്‌സ് നിലവില്‍ പുറത്താകാതെ 193 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 103 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. 183ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്റ്റബ്‌സ് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയെടുത്തിരിക്കുകയാണ്.

അതേസമയം 202ാം പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ക്യാപ്റ്റന്‍ ബാവുമയ്ക്ക് സാധിച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറി നേടാനും ബാവപമയ്ക്ക് സാധിച്ചു. ഇരുവരും പുറത്താകാതെയാണ് ടീമിനെ മികച്ച ലീഡിലേക്ക് ഉയര്‍ത്തുന്നത്.

ആദ്യ ഇന്നിങ്‌സില്‍ മാര്‍ക്കോ യാന്‍സന്റെ തീപ്പൊരി ബൗളിങ്ങിനു മുന്നിലാണ് ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചത്. വെറും 6.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് യാന്‍സന്‍ സ്വന്തമാക്കിയത്. 1.9 എന്ന ഇടിവെട്ട് എക്കണോമിയും താരത്തിനുണ്ട്. താരത്തിന് പുറമേ കാഗീസോ റബാദ ഒരു വിക്കറ്റും ജെറാള്‍ഡ് കോട്സി രണ്ട് വിക്കറ്റും നേടിയിരുന്നു.

ലങ്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ വിശ്വാ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റുമാണ് നേടിയത്.

 

Content Highlight: South Africa In Big Lead Against Sri Lanka Against First Test