അവസാന ഏഴ് ജയവും നൂറിലധികം റണ്‍സിന്, അതില്‍ നാലിലും എതിരാളി ഓസീസ്; വന്‍ വിജയം 229 റണ്‍സിന്
icc world cup
അവസാന ഏഴ് ജയവും നൂറിലധികം റണ്‍സിന്, അതില്‍ നാലിലും എതിരാളി ഓസീസ്; വന്‍ വിജയം 229 റണ്‍സിന്
ആദര്‍ശ് എം.കെ.
Tuesday, 24th October 2023, 11:49 pm

ലോകകപ്പില്‍ വീണ്ടും വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. ചൊവ്വാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 149 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

അവസാനം കളിച്ച എട്ട് ഏകദിന മത്സരത്തില്‍ ഏഴിലും വിജയിച്ചപ്പോള്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ആഫ്രിക്കന്‍ വമ്പന്‍മാര്‍ക്ക് തലകുനിക്കേണ്ടി വന്നിട്ടുള്ളത്. വമ്പന്‍മാരെ വിറപ്പിച്ച സൗത്ത് ആഫ്രിക്കക്ക് ഡച്ച് പടയുടെ മുമ്പില്‍ 38 റണ്‍സിന് തോല്‍ക്കേണ്ടി വരികയായിരുന്നു.

അവസാന എട്ട് മത്സരത്തില്‍ വിജയിച്ച ഏഴിലും ആദ്യം ബാറ്റ് ചെയ്തത് പ്രോട്ടീസ് തന്നെയായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനോട് ചെയ്‌സിങ്ങില്‍ കാല്ലിസിന്റെ പിന്‍ഗാമികള്‍ തോറ്റുമുടങ്ങുകയായിരുന്നു.

 

ലോകകപ്പിന് മുമ്പ് തന്നെ വിജയിച്ചുകൊണ്ട് പ്രോട്ടീസെത്തിയത്. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മൂന്ന് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയാണ് സൗത്ത് ആഫ്രിക്ക ലോകകപ്പിനുള്ള കാഹളമൂതിയത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടപ്പോള്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും കങ്കാരുക്കളുടെ അടിത്തറയിളക്കിയ വിജയം നേടിയാണ് പ്രോട്ടീസ് പരമ്പര സ്വന്തമാക്കിയത്.

സെന്‍വെസ് പാര്‍ക്കില്‍ വെച്ചാണ് പ്രോട്ടീസ് ജയിച്ചുതുടങ്ങിയത്. സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 111 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന നാലാം മത്സരത്തില്‍ 164 റണ്‍സിനും വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡറില്‍ 122 റണ്‍സിനുമാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്.

 

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയായിരുന്നു പ്രോട്ടീസിന്റെ എതിരാളികള്‍. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ എട്ടാം തവണയും സൗത്ത് ആഫ്രിക്ക ഏകദിനത്തില്‍ 400+ സ്‌കോര്‍ കണ്ടെത്തി. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 429 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ലങ്ക 326ന് ഓള്‍ ഔട്ടായതോടെ 102 റണ്‍സിന്റെ വിജയം ആഫ്രിക്കന്‍ കരുത്തര്‍ക്ക് സ്വന്തമായി.

ലഖ്‌നൗവിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ വീണ്ടും നാണംകെടുത്തി പ്രോട്ടീസ് കുതിപ്പ് തുടര്‍ന്നു. 134 റണ്‍സിനായിരുന്നു മള്‍ട്ടിപ്പിള്‍ ടൈംസ് വേള്‍ഡ് ചാമ്പ്യന്‍മാരുടെ തോല്‍വി.

 

ശേഷം ഡച്ച് പടയോട് തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 229 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. 400 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 170 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാകരും ഒരുപോലെ തിളങ്ങിയ മത്സരം നെതര്‍ലന്‍ഡ്‌സിനെതിരായ തോല്‍വിക്ക് ആരാധകര്‍ക്ക് കണ്ണീര്‍ നല്‍കിയതിനുള്ള പ്രായശ്ചിത്തം കൂടിയായിരുന്നു.

ഒടുവില്‍ വാംഖഡെയില്‍ ബംഗ്ലാദേശിനെയും 149 റണ്‍സിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. +2.370 എന്ന നെറ്റ് റണ്‍ റേറ്റാണ് പ്രോട്ടീസിന് നിലവിലുള്ളത്.

 

ശേഷിക്കുന്ന മത്സരത്തിലും ഇതേ ഡൊമിനന്‍സ് പുറത്തെടുക്കുകയാണെങ്കില്‍ ക്രിക്കറ്റിന്റെ ലോക കിരീടം ചരിത്രത്തിലാദ്യമായി സൗത്ത് ആഫ്രിക്കന്‍ മണ്ണിലെത്തുമെന്ന് ഉറപ്പാണ്.

 

 

Content highlight: South Africa have won seven of their last eight matches by more than 100 runs.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.