| Tuesday, 11th October 2022, 6:20 pm

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഒപ്പം സൗത്ത് ആഫ്രിക്കയുടെ ദുസ്വപ്‌നങ്ങളില്‍ ഇനി ഇന്ത്യയും; ചരിത്രത്തില്‍ ഇത് നാലാം തവണ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ പ്രോട്ടീസിന്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനങ്ങളിലൊന്നാണ് പിറവിയെടുത്തത്. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ സൗത്ത് ആഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍മാര്‍ക്കൊന്നും ഉത്തരമുണ്ടായിരുന്നില്ല.

കേവലം 99 റണ്‍സിനിടെ പ്രോട്ടീസിന്റെ മുഴുവന്‍ ബാറ്റര്‍മാരും പുറത്താകുകയായിരുന്നു. കുല്‍ദീപ് യാദവ് നയിച്ച ബൗളിങ് നിരയിലെ എല്ലാവരും മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞപ്പോള്‍ സൗത്ത് ആഫ്രിക്ക ചാരമായി.

99 റണ്‍സിന് മുഴുവന്‍ സൗത്ത് ആഫ്രിക്ക ബാറ്റര്‍മാരും പുറത്തായപ്പോള്‍ അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ പ്രകടനം അടയാളപ്പെടുത്തി വെക്കപ്പെടുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇത് നാലാമത് മാത്രമാണ് സൗത്ത് ആഫ്രിക്ക 100 റണ്‍സിന് താഴെ നേടുന്നത്.

2022ല്‍ മാത്രം രണ്ട് തവണ പ്രോട്ടീസ് ഏകദിനത്തില്‍ നൂറ് റണ്‍സിന് താഴെ മാത്രം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഇതിന് മുമ്പ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയെ ഏകദിനത്തില്‍ നൂറ് റണ്‍സിന് താഴെ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചത്. രണ്ട് തവണ ഇംഗ്ലണ്ടിന് മുമ്പില്‍ നൂറ് റണ്‍സ് താണ്ടാന്‍ സാധിക്കാതെ വന്നപ്പോള്‍ ഓസ്‌ട്രേലിയയും ഇപ്പോള്‍ ഇന്ത്യയും ഒരോ തവണ നൂറിന് താഴെ പ്രോട്ടീസിനെ പുറത്താക്കി.

1993 ഡിസംബര്‍ 14നാണ് പ്രോട്ടീസിന് ആദ്യമായി നൂറ് റണ്‍സ് തികക്കാന്‍ സാധിക്കാതെ വന്നത്. ഓസീസിനെതിരെ സിഡ്‌നിയില്‍ വെച്ച് നടന്ന മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സൗത്ത് ആഫ്രിക്ക ആദ്യമായി നൂറിന് താഴെ റണ്‍സ് നേടിയത്.

ഓസീസ് ഉയര്‍ത്തിയ 172 റണ്‍സ് ചെയ്‌സ് ചെയ്യവെ 28 ഓവറില്‍ 69 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക അന്ന് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

2008ലാണ് സൗത്ത് ആഫ്രിക്ക വീണ്ടും നൂറിന് താഴെ റണ്‍സിന് പുറത്തായത്. നോട്ടിങ്ഹാമില്‍ വെച്ച് നടന്ന മത്സരത്തില്‍ പ്രോട്ടീസ് 83ന് ഓള്‍ ഔട്ടാവുകയായിരുന്നു. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 84 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് വിക്കറ്റും 215 പന്തും ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

2022ലാണ് മൂന്നാമതായി സൗത്ത് ആഫ്രിക്ക സെഞ്ച്വറിയടിക്കാന്‍ സാധിക്കാതെ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു സൗത്ത് ആഫ്രിക്ക ഒരിക്കല്‍ക്കൂടി നാണം കെട്ടത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക വീണ്ടും 83 റണ്‍സിന് പുറത്താവുകയായിരുന്നു.

99 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക ഇന്ത്യക്ക് മുമ്പില്‍ കാലിടറി വീണിരിക്കുന്നത്. ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ തന്നെയാണ് പ്രോട്ടീസ് ഈ മോശം പ്രകടനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

Content Highlight: South Africa have been bowled out for less than 100 runs in four matches

We use cookies to give you the best possible experience. Learn more