സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ തിരച്ചടിയാണ് സംഭവിച്ചത്. ഷെര്‍ ഇ ബംഗ്ലായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 40.1 ഓവറില്‍ വെറും 106 റണ്‍സിനാണ് കടുവകള്‍ ഓള്‍ ഔട്ട് ആയത്. ഇതോടെ ഹോം ടെസ്റ്റില്‍ ഒരു മോശം റെക്കോഡും ബംഗ്ലാദേശ് വാങ്ങിവെച്ചിരിക്കുകയാണ്. ഹോം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് വഴങ്ങുന്ന മൂന്നാമത്തെ മോശം സ്‌കോറാണിത്. 2003ലും പ്രോട്ടിയാസ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറില്‍ തകര്‍ത്തിരുന്നു.
മത്സരത്തില്‍ പ്രോട്ടിയാസിന്റെ കഗീസോ റബാദയുടെയും വിയാന്‍ മുള്‍ഡറുടെയും കേശവ് മഹാരാജിന്റെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുമ്പില്‍ മുട്ട് കുത്തുകയായിരുന്നു കടുവകള്‍. മൂവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെയ്ന്‍ പീഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി.
ബംഗ്ലാദേശിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണര്‍ മഹ്‌മുദുള്‍ ഹസന്‍ ജോയി ആണ്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. ടേല്‍ എന്‍ഡ് ബാറ്റര്‍ തൈജുല്‍ ഇസ്‌ലാം 16 റണ്‍സും മെഹ്ദി ഹസ്ന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനായില്ല.