Sports News
ഇത്രയും കാലം ന്യൂസിലാന്‍ഡ് കൂടെയുണ്ടായിരുന്നു, ഐ.സി.സി നോക്കൗട്ടിലെ ചോക്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഇനി സൗത്ത് ആഫ്രിക്ക മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 06, 05:55 am
Thursday, 6th March 2025, 11:25 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം സെമി അവസാനിച്ച് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിനായി ക്രിക്കറ്റ് ലോകം ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തു.

50 റണ്‍സിനാണ് പ്രോട്ടിയാസ് കിവികളോട് പരാജയമേറ്റുവാങ്ങിയത്. 362 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് സ്‌റ്റേജുകളില്‍ സൗത്ത് ആഫ്രിക്കയുടെ 12ാം പരാജയമാണിത്. പുരുഷ, വനിതാ, അണ്ടര്‍ 19 ടീമുകളുടെ പ്രകടനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.

11 തവണ സെമി ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ഒരുവട്ടം ഫൈനലിലേക്ക് പ്രവേശിക്കാന്‍ പ്രോട്ടിയാസിന് സാധിച്ചു. 2024 ടി20 ലോകകപ്പിലായിരുന്നു ഇത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെടാനായിരുന്നു വിധി. ഐ.സി.സിയുടെ ഒരൊറ്റ കിരീടം പോലും നേടാനാകാതെ ചോക്കേഴ്‌സ് എന്ന പേര് കൊണ്ടുനടക്കുകയാണ് സൗത്ത് ആഫ്രിക്ക.

നോക്കൗട്ട് സ്‌റ്റേജുകളില്‍ 11 പരാജയവുമായി ന്യൂസിലാന്‍ഡാണ് രണ്ടാം സ്ഥാനത്ത്. ഒരു ചാമ്പ്യന്‍സ് ട്രോഫിയും ഒരു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും കിവികള്‍ക്കുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി രണ്ടാം ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കാനാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം തവണ നോക്കൗട്ടില്‍ പുറത്തായ ടീമുകള്‍

സൗത്ത് ആഫ്രിക്ക- 12
ന്യൂസിലാന്‍ഡ്- 11
പാകിസ്ഥാന്‍ -10
ഇന്ത്യ- 7

ലാഹോറില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ മികച്ച പ്രകടനമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും വെടിക്കെട്ട് ഇന്നിങ്‌സും കിവികളുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഒറ്റയാള്‍ പ്രകടനം നടത്തിയത് ഡേവിഡ് മില്ലറാണ്. ടീം പരാജയമേറ്റുവാങ്ങാന്‍ തയാറായി നിന്നപ്പോഴും കീഴടങ്ങാന്‍ ഒരുക്കമല്ലാതെ മില്ലര്‍ ഒറ്റക്ക് പൊരുതി. 67 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് കില്ലര്‍ മില്ലര്‍ നേടിയത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: South Africa got first place in ICC Tournament Knock out match losses