പ്രതിഭാ ധാരാളിത്തം ഉണ്ടായിട്ടും പൊന്നിന്‍ കിരീടത്തില്‍ മുത്തമിടാന്‍ കഴിയാത്ത ഹതഭാഗ്യര്‍. അതായിരുന്നു ഇത്ര കാലം പോര്‍ട്ടീസിനുള്ള വിശേഷണം. എല്ലാ ലോകകപ്പിലും എല്ലാ മേഖലകളിലും മികച്ച താരങ്ങളുമായി വന്ന്, ഇത്തവണ കിരീടാക്ഷാമത്തിനു അറുതി വരുത്തുമെന്ന രീതിയില്‍ എല്ലാവരിലും തോന്നല്‍ ഉളവാക്കി, അവസാനം നിര്‍ഭാഗ്യത്തിന് മുന്നില്‍ തോറ്റു മടങ്ങുന്നവര്‍, അതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീം.
എന്നാല്‍ ഇത്തവണ ലോകകപ്പിനെത്തുമ്പോള്‍ അവര്‍ക്ക് കിരീടം പ്രവചിക്കാന്‍ ആരുമുണ്ടായില്ല. കാരണം കുറേ കാലത്തിനിടക്ക് അവര്‍ ആദ്യമായി നേരിടുന്ന മികവുള്ള കളിക്കാരുടെ അഭാവം ഇത്തവണ കാര്യമായി തന്നെ പ്രകടമായിരുന്നു. അവരുടെ ഒന്നാം നമ്പര്‍ ബൗളര്‍ റബാഡയോടു തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ പ്രാപ്തി ഉള്ള ഒളിവിയറിനെ പോലുള്ളവര്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ നിന്നു കോല്‍പക് ഡീല്‍ വന്നു മാടി വിളിച്ചപ്പോള്‍ ദേശീയ ടീമില്‍ വിടരും മുന്‍പേ കൊഴിയാന്‍ തീരുമാനിച്ചതടക്കം ഈ അടുത്ത കാലത്ത് അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ അനവധിയാണ്.
വര്‍ത്തമാന കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നു ലോകം വാഴ്ത്തിയ ഡിവില്ലിയേഴ്‌സിനെ പോലൊരാളുടെ പെട്ടെന്നുണ്ടായ വിരമിക്കലും അവരെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. അദ്ദേഹത്തെ പോലുള്ള കളിക്കാര്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങള്‍ ആണ് എന്നതു കൊണ്ടു തന്നെ ആ സ്ഥാനത്ത് മറ്റൊരാളെ ഉയര്‍ത്തി കൊണ്ടു വരാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. സച്ചിന്‍ പോയപ്പോഴേക്കും ഇന്ത്യക്ക് ഒരു വിരാട് കോഹ്ലിയെ കിട്ടിയ പോലെ ഡിവില്ലിയേഴ്സിന്റെ റോള്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ ഒരാളെ പോലും അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.
ലോകകപ്പിലെ അവരുടെ ദയനീയമായ തുടക്കം കണ്ടു ഡിവില്ലിയേഴ്‌സ് തിരിച്ചു വരവിനു സന്നദ്ധത അറിയിച്ചെങ്കിലും അകാലത്തില്‍ അവരെ ഇട്ടിട്ടു പോയ ഒരാളെ ഏതൊരു സാഹചര്യത്തിലും തിരികെ കൊണ്ടു വരാന്‍ ആത്മാഭിമാനമുള്ള അവരുടെ മാനേജ്‌മെന്റോ നായകന്‍ ഡുപ്‌ളെസിസ്സോ തയ്യാറായതും ഇല്ല.
സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വേതനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നല്ല തുക വേതനമായി നല്‍കുന്ന കൗണ്ടി ക്രിക്കറ്റില്‍ നിന്നൊക്കെ മികച്ച അവസരങ്ങള്‍ വരുമ്പോള്‍ ആഫ്രിക്കന്‍ യുവ തലമുറ അതു തേടി പോകാനും തുടങ്ങിയതോടെ പോര്‍ട്ടീസിനുണ്ടായ അപചയം വളരെ വലുതാണ്. അതിന്റെ ബാക്കി പത്രമാണ് നാം ഇപ്പോള്‍ ഈ ലോകകപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അഫ്ഗാനോട് മാത്രം ജയിച്ചും വിന്‍ഡീസിനെതിരെ മഴ സമ്മാനിച്ച ഒരു പോയിന്റുമായി പട്ടികയില്‍ താഴെ നിന്നിരുന്ന അവര്‍ക്ക് ഇന്നലത്തെ തോല്‍വി പുറത്തേക്കുള്ള വഴി തെളിക്കുമെന്ന് ഉറപ്പായിരുന്നു.പാക്കിസ്ഥാനും ഏതാണ്ട് ആ സ്ഥിതിയിലായിരുന്നു. മൂന്നു പോയിന്റ് മാത്രം കൈമുതലായുള്ള അവര്‍ക്കും ഈ മത്സരം നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും നായകന്‍ സര്‍ഫറാസിനെതിരെ മുന്‍ താരങ്ങളും ആരാധകരും വിമര്‍ശശരങ്ങള്‍ തൊടുത്തു വിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത്.
ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ പാക്കിസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. സമീപ കാല ക്രിക്കറ്റിന്റെ നേരെ വിപരീതമായിട്ടാണ് ആ കാര്യത്തില്‍ ഇപ്പോള്‍ ലോകകപ്പില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്നത്തെ കാലത്ത് മിക്കവരും ടോസ് നേടുക, ബൗളിംഗ് തിരഞ്ഞെടുക്കുക എന്നതായിരുന്നു പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവലംബിച്ചു പോന്നിരുന്ന രീതി. എന്നാല്‍ ഈ ലോകകപ്പില്‍ ടോസ് നേടുന്ന മിക്കവരും ആദ്യം ബാറ്റ് ചെയ്തു വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി ലോകകപ്പ് പോലൊരു വലിയ വേദിയില്‍ സ്‌കോര്‍ പിന്തുടരുന്നതിന്റെ സമ്മര്‍ദത്തിലേക്ക് എതിര്‍ ടീമിനെ തള്ളിയിട്ടു ജയം സ്വന്തമാക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാനും ഇന്നലെ ആ രീതി തന്നെ പിന്തുടരാന്‍ തീരുമാനിച്ചു.
ആദ്യമായി പാക്കിസ്ഥാന്റെ ആദ്യ മൂന്നു പേര്‍ ഒന്നിച്ചു ഫോമിലായതോടു കൂടെ കാര്യങ്ങള്‍ പാക്കിസ്ഥാന്റെ വരുതിയിലായി. എന്നാലവരില്‍ ആര്‍ക്കും വലിയൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കാതെ വന്നതോടെ ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചു വരുന്ന പോലെ തോന്നിച്ചു.
എന്നാല്‍ ആദ്യ ഇലവനിലേക്ക് തിരഞ്ഞെടുക്കാനും തനിക്കു മുന്നേ ക്രീസിലേക്ക് പറഞ്ഞു വിടാനും നായകന്‍ സര്‍ഫറാസ് കാണിച്ച വിശ്വാസം മുഖവിലക്കെടുത്ത് ഹാരിസ് സൊഹൈല്‍ എന്ന 30 വയസുകാരന്‍ കളത്തില്‍ നിറഞ്ഞാടിയതോടെ കളി മാറി. ശരം കണക്കെ കുതിച്ചു പാഞ്ഞ പാക്കിസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡ് ചെന്ന് നിന്നത് മുന്നൂറിനും മുകളിലാണ്. സൊഹൈലിന്റെ ക്ലീന്‍ ഹിറ്റിങ്ങിനു മുന്നില്‍ റബാഡയടക്കമുള്ള ആഫ്രിക്കന്‍ ബൗളേഴ്സിന് മറുപടിയുണ്ടായിരുന്നില്ല.
കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ആഫ്രിക്കക്ക് തുടക്കത്തിലേ പ്രഹരമേറ്റു. വിശ്വസ്തനായ അംല പുറത്തായതോടെ ടീമിനെ കര കയറ്റേണ്ട ബാധ്യത ഡീകോക്കിനും നായകന്‍ ഡുപ്ലെസിസിനുമായി. എന്നാല്‍ അവര്‍ക്കും പിറകെ വന്ന മില്ലറിനും വാന്‍ ഡ്യൂസനുമൊന്നും നങ്കൂരമിട്ട് വലിയൊരു ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കാതെ വന്നതോടെ അഫ്ഗാനിസ്ഥാന് പിറകെ സൗത്ത് ആഫ്രിക്കയും ലോകകപ്പില്‍ നിന്നു പുറത്തായി.2003 നു ശേഷം ആദ്യമായി നോക്ക് ഔട്ട് റൗണ്ട് കടക്കാതെ പുറത്തായി എന്ന നാണക്കേടും അവര്‍ തരപ്പെടുത്തി.
ഒരു ജേതാവിനെ പോലെയല്ല ഞങ്ങള്‍ ഒരിക്കലും കളിച്ചതെന്ന നായകന്‍ ഡുപ്ലെസിസിന്റെ വാക്കുകളില്‍ തന്നെയുണ്ട് അവരുടെ ആത്മവിശ്വാസമില്ലായ്മയും ദയനീയ അവസ്ഥയും. റബാഡക്ക് കൂടുതല്‍ വര്‍ക്ക് ലോഡ് വന്നത് വിനയായി എന്നതും അദ്ദേഹം ഐ പി എല്ലില്‍ നിന്നു വിട്ടു നിക്കണമായിരുന്നു എന്ന തുറന്നു പറച്ചിലും വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ ആദ്യ സൂചനയാണോ എന്നും കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. അവരുടെ നിരയിലെ ഓരോ കളിക്കാരനെയും വ്യക്തിഗതമായി വിലയിരുത്തുമ്പോള്‍ അവരെല്ലാം ലോകോത്തര താരങ്ങള്‍ തന്നെയാണ്.
എന്നാല്‍ ലോകോത്തര താരങ്ങള്‍ എന്തു വില കൊടുത്തും ജയിക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ മാത്രമാണ് ഒരു ടീം വിജയികളാകുന്നത്. ഈ ടൂര്‍ണമെന്റിലുടനീളം അവരുടെ ശരീര ഭാഷ്യം പോരാളികളുടേതായിരുന്നില്ല, മറിച്ചു എല്ലാവരോടും തോല്‍ക്കുന്നവരുടേതായിരുന്നു. കളിച്ച എല്ലാ കളിയും തോറ്റു പുറത്തായെങ്കിലും അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ക്ക് പോലും ഇതിലും മികച്ച മനോഭാവം ഈ കളിയോട് ഉണ്ടായിരുന്നു എന്നും കൂട്ടി വായിക്കേണ്ടതാണ്.
ഈ ജയത്തോടെ ടീമിന് അല്‍പ്പ പ്രതീക്ഷയെങ്കിലും നല്‍കി ആ തീ കെടാതെ നിലനിര്‍ത്താന്‍ പാക്കിസ്ഥാനായപ്പോള്‍ ആശയറ്റ ദക്ഷിണാഫ്രിക്ക ഈ ലോകകപ്പില്‍ ഇനി മുന്നോട്ടില്ല എന്നത് ക്രിക്കറ്റ് പ്രേമികളെല്ലാവര്‍ക്കും വലിയ ഞെട്ടല്‍ തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.