21ാം നൂറ്റാണ്ടിന്റെ അത്ഭുതം,തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക; ഏകദിനം മരിച്ചിട്ടില്ല
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ചുകളിലൊന്നില്‍ പാകിസ്ഥാനെ ഒറ്റ വിക്കറ്റിന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം അല്‍പം വിയര്‍ത്തെങ്കിലും സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.
ഒരുവേള പാകിസ്ഥാന്‍ അനായാസ വിജയം സ്വന്തമാക്കുമെന്ന് കരുതിയിടത്ത് നിന്നുമാണ് കേശവ് മഹാരാജ് വിജയം തട്ടിപ്പറിച്ചെടുത്ത് സൗത്ത് ആഫ്രിക്കക്ക് സമ്മാനിച്ചത്.
പാകിസ്ഥാന് വിജയിക്കാന്‍ രണ്ട് വിക്കറ്റും സൗത്ത് ആഫ്രിക്കക്ക് ജയിക്കാന്‍ 21 റണ്‍സും വേണമെന്ന സ്ഥിതിയും മത്സരത്തില്‍ ഉടലെടുത്തിരുന്നു. പ്രോട്ടീസിന് വിജയിക്കാന്‍ 11 റണ്‍സ് കൂടി വേണമെന്നിരിക്കെ മറ്റൊരു വിക്കറ്റും വീണതോടെ ആര്‍ക്കും ജയിക്കാം എന്ന സ്ഥിതിയിലേക്ക് മത്സരം വഴിമാറി.
എന്നാല്‍ 49ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി കണ്ടെത്തി കേശവ് മഹാരാജ് സൗത്ത് ആഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടിയ ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്. സൂപ്പര്‍ താരങ്ങളെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പതറിയപ്പോള്‍ മര്‍ക്രം 93 പന്തില്‍ 91 റണ്‍സിന് പുറത്തായി.
മര്‍ക്രമിനെ പുറത്താക്കിയതിന് ശേഷം മാത്രമാണ് പാകിസ്ഥാന്‍ വിജയം സ്വപ്‌നം കണ്ടുതുടങ്ങിയത്. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പില്‍ പാകിസ്ഥാന് കാലിടറുകയായിരുന്നു.
21ാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുന്നത്. 50 ലോകകപ്പിലും ടി-20 ലോകകപ്പിലും പാകിസ്ഥാന് മുമ്പില്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ട സൗത്ത് ആഫ്രിക്ക 2023ല്‍ ആ വിധി തിരുത്തിക്കുറിക്കുകയായിരുന്നു.
1996 ലോകകപ്പിലാണ് ഇതിന് മുമ്പ് പ്രോട്ടീസ് പാകിസ്ഥാനെ തോല്‍പിച്ചത്.
2000ന് ശേഷം ഐ.സി.സി ഇവന്റുകളില്‍ പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും ഏറ്റമുട്ടിയപ്പോള്‍,
2009 ടി-20 ലോകകപ്പ് – പാകിസ്ഥാന് 7 റണ്‍സിന്റെ വിജയം.
2010 ടി-20 ലോകകപ്പ് – പാകിസ്ഥാന് 11 റണ്‍സിന്റെ വിജയം.
2012 ടി-20 ലോകകപ്പ് – പാകിസ്ഥാന് രണ്ട് വിക്കറ്റ് ജയം.
2015 ലോകകപ്പ് – പാകിസ്ഥാന് 20 റണ്‍സിന്റെ വിജയം.
2019 ലോകകപ്പ് – പാകിസ്ഥാന് 49 റണ്‍സിന്റെ വിജയം.
2022 ടി-20 ലോകകപ്പ് – പാകിസ്ഥാന് 33 റണ്‍സിന്റെ വിജയം (ഡി.എല്‍.എസ് മെത്തേഡ് പ്രകാരം).
2023 ലോകകപ്പ് – സൗത്ത് ആഫ്രിക്കക്ക് ഒരു വിക്കറ്റ് വിജയം.
അതേസമയം, പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും സൗത്ത് ആഫ്രിക്കക്കായി. ആറ് മത്സരത്തില്‍ നിന്നും 10 പോയിന്റാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. ഇന്ത്യക്കും പത്ത് പോയിന്റാണെങ്കിലും റണ്‍ റേറ്റാണ് സൗത്ത് ആഫ്രിക്കയെ ഒന്നാമതെത്തിച്ചത്.
നവംബര്‍ ഒന്നിനാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: South Africa defeats Pakistan