| Monday, 31st October 2022, 8:21 am

ഒന്നല്ല രണ്ടല്ല മൂന്നല്ല, ഈ വിജയത്തിനായി സൗത്ത് ആഫ്രിക്ക കാത്തിരുന്നത് നീണ്ട 11 വര്‍ഷങ്ങള്‍; വിജയത്തിന് മാധുര്യമേറാന്‍ ഈ കാത്തിരിപ്പും ഒരു ഘടകം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് അശനിപാതം കണക്കെ പെയ്തിറങ്ങിയാണ് സൗത്ത് ആഫ്രിക്ക വിജയ കുതിപ്പിന് വിരാമിട്ടത്. തുടര്‍ച്ചയായി മൂന്നാം മത്സരവും ജയിച്ച് സെമി ഉറപ്പാക്കാന്‍ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലിറങ്ങിയ ഇന്ത്യക്ക് പിഴക്കുകയായിരുന്നു.

പേസിനെ തുണക്കുന്ന പെര്‍ത്തിലെ പിച്ചില്‍ സൗത്ത് ആഫ്രിക്കന്‍ പേസാക്രമണത്തിന് മുമ്പില്‍ ഉത്തരമില്ലാതെ ഇന്ത്യ വീഴുകയായിരുന്നു. ലുങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍ണെലും ചേര്‍ന്ന് ഇന്ത്യയെ എറിഞ്ഞിടുകയായിരുന്നു.

എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കീശയിലാക്കിയപ്പോള്‍ പാര്‍ണെല്‍ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ എന്‍ഗിഡിയും ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പാര്‍ണെലും മടക്കി. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ പരാജയമായപ്പോള്‍ വിധി അപ്പോഴേ കുറിക്കപ്പെട്ടിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 133 എന്ന സ്‌കോറിലെത്തിയിരുന്നു. 40 പന്തില്‍ നിന്നും 68 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ എയ്ഡന്‍ മര്‍ക്രമിന്റെയും ഡേവിഡ് മില്ലറിന്റെയും ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു. മര്‍ക്രം 41 പന്തില്‍ നിന്നും 52 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 46 പന്തില്‍ നിന്നും 59 റണ്‍സും സ്വന്തമാക്കി.

നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിനെ നിലംപരിശാക്കിയ ലുങ്കി എന്‍ഗിഡിയാണ് കളിയിലെ കേമന്‍.

എന്നാല്‍ സൗത്ത് ആഫ്രിക്കയുടെ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട 11 വര്‍ഷത്തിന് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ ഒരു ഗ്ലോബല്‍ ഇവന്റില്‍ പരാജയപ്പെടുത്തുന്നത്.

2011ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിലാണ് സൗത്ത് ആഫ്രിക്ക അവസാനമായി ഇന്ത്യയെ പരാജയപ്പെടുത്തിയത് (ഐ.സി.സി ടൂര്‍ണമെന്റില്‍). അതിന് ശേഷം ടി-20 ലോകകപ്പുകളും ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും മാറി മാറി വന്നിട്ടും ഒന്നില്‍ പോലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ഒരു ദശാബ്ദം നീണ്ടുനിന്ന ചീത്തപ്പേര് മാറ്റിയെടുക്കാനും തെംബ ബാവുമക്കും സംഘത്തിനും ആയി.

ഇന്ത്യക്കെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് 2ല്‍ ഒന്നാമതെത്താനും സൗത്ത് ആഫ്രിക്കക്കായി. കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നുപോലും തോല്‍ക്കാതെ എട്ട് പോയിന്റാണ് പ്രോട്ടീസിനുള്ളത്. മൂന്നില്‍ രണ്ട് വിജയവുമായി ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Content highlight: South Africa defeats India in a ICC tournament after 11 years

Latest Stories

We use cookies to give you the best possible experience. Learn more