ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ആതിഥേയര്‍. രണ്ട് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 109റണ്‍സിനാണ് തെംബ ബാവുമയും സംഘവും ജയിച്ചുകയറിയത്.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 358 & 317
ശ്രീലങ്ക: 328 & 238 (T: 348)
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെ (133 പന്തില്‍ 105*), റിയാന്‍ റിക്കല്‍ട്ടണ്‍ (250 പന്തില്‍ 101) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ മികച്ച സ്‌കോറിലെത്തിയത്. 78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമയും പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായി.
ലീഡ് നേടാനുറച്ച് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 30 റണ്‍സകലെ കാലിടറി വീണു. പാതും നിസങ്ക (157 പന്തില്‍ 89), കാമിന്ദു മെന്‍ഡിസ് (92 പന്തില്‍ 48), ഏയ്ഞ്ചലോ മാത്യൂസ് (90 പന്തില്‍ 44), ദിനേഷ് ചണ്ഡിമല്‍ (97 പന്തില്‍ 44) എന്നിവരുടെ മികവിലാണ് ലങ്ക 328 റണ്‍സ് നേടിയത്.
30 റണ്‍സിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ തെംബ ബാവുമ (116 പന്തില്‍ 66), ഏയ്ഡന്‍ മര്‍ക്രം (75 പന്തില്‍ 55) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ട്രിസ്റ്റണ്‍ സ്റ്റബ്സ് (112 പന്തില്‍ 47), ഡേവിഡ് ബെഡ്ഡിങ്ഹാം (55 പന്തില്‍ 35) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ലങ്കക്ക് തുടക്കത്തിലേ ദിമുത് കരുണരത്നെയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തതോടെ ടീം ആത്മവിശ്വാസം വീണ്ടെടുത്തു.
മത്സരത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ ലങ്കക്കും സൗത്ത് ആഫ്രിക്കക്കും തുല്യ സാധ്യതകളയിരുന്നു കല്‍പ്പിച്ചിരുന്നത്. മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ 143 റണ്‍സ് നേടിയാല്‍ ലങ്കക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു. അഞ്ച് വിക്കറ്റും കയ്യിലുണ്ടായിരുന്നു.
എന്നാല്‍ സ്വന്തം തട്ടികത്തില്‍ എതിരാളികളെ വിജയിക്കാന്‍ അനുവദിക്കില്ല എന്ന് വാശി പിടിച്ച പ്രോട്ടിയാസ് 109 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയ കേശവ് മഹാരാജാണ് ലങ്കയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഡെയ്ന്‍ പാറ്റേഴ്‌സണും കഗീസോ റബാദയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ ശേഷിച്ച വിക്കറ്റും നേടി.
ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പ്രോട്ടിയാസ് ഒന്നാമതെത്തിയിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 63.33 എന്ന പി.സി.ടിയുമായാണ് സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയെ തോല്‍പിച്ച് ഒന്നാമതെത്തിയ ഓസീസ് രണ്ടാം സ്ഥാനത്തേക്ക് വീണു. ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനടത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ പോയിന്റ് ശതമാനം 60.71 ആയി വര്‍ധിപ്പിച്ചിരുന്നു.
(വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ രണ്ട് മത്സരങ്ങളാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. പാകിസ്ഥാനെതിരെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളാണ് സൗത്ത് ആഫ്രിക്ക കളിക്കുക.
Content Highlight: South Africa defeated Sri Lanka in 2nd test. reached top of WTC point table