2023 ലോകകപ്പിലെ 32ാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 190 റണ്‍സിന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്ലാക് ക്യാപ്‌സ് 35.3 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെയും റാസി വാന്‍ ഡെര്‍ ഡസന്റെയും സെഞ്ച്വറി കരുത്തിലാണ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഡി കോക്ക് 116 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ 118 പന്തില്‍ 133 റണ്‍സാണ് വാന്‍ഡെര്‍ ഡസന്‍ നേടിയത്. 30 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെ ഇന്നിങ്‌സും നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഡെവോണ്‍ കോണ്‍വെയെയും രചിന്‍ രവീന്ദ്രയെയും ഒറ്റയക്കത്തിന് നഷ്ടമായ ന്യൂസിലാന്‍ഡ് പതറുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ന്യൂസിലാന്‍ഡിന് മത്സരത്തില്‍ മേധാവിത്വം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. 37 പന്തില്‍ 33 റണ്‍സ് നേടിയ വില്‍ യങ്ങും 30 പന്തില്‍ 24 റണ്‍സ് നേടി ഡാരില്‍ മിച്ചലും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 87 പന്ത് ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡ് 167ന് ഓള്‍ ഔട്ടാവുകയായിരുന്നു.
പ്രോട്ടീസിനായി കേശവ് മഹാരാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ജെറാള്‍ഡ് കോട്‌സി രണ്ട് പ്രോട്ടീസ് താരങ്ങളെ പുറത്താക്കിയപ്പോള്‍ ഒരു വിക്കറ്റ് നേടിയ കഗീസോ റബാദ കിവീകളുടെ പതനം പൂര്‍ത്തിയാക്കി.
21ാം നൂറ്റാണ്ടില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ ലോകകപ്പില്‍ പരാജയപ്പെടുത്തുന്നത്. 1999ല്‍ ലോകകപ്പില്‍ 74 റണ്‍സിന് വിജയിച്ച ശേഷം നീണ്ട 24 വര്‍ഷത്തിനിപ്പുറമാണ് പ്രോട്ടീസ് കിവികളെ ലോകകപ്പില്‍ മലര്‍ത്തിയടിക്കുന്നത്.
2003 ലോകകപ്പില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റിന് ജയിക്കുകയായിരുന്നു. 2007ല്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നപ്പോള്‍ 2011ല്‍ 47 റണ്‍സിനും സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടു.
2015ല്‍ ഡി.എല്‍.എസ് നിയമത്തിലൂടെ ന്യൂസിലാന്‍ഡ് വീണ്ടും വിജയിച്ചപ്പോള്‍ 2019ല്‍ നാല് വിക്കറ്റ് ശേഷിക്കെ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം കിവികള്‍ മറികടന്നു. എന്നാല്‍ 2023 ലോകകപ്പില്‍ കാറ്റ് മാറിവീശുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും സൗത്ത് ആഫ്രിക്കക്കായി. ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റോടെയാണ് പ്രോട്ടീസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
നവംബര്‍ അഞ്ചിനാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.
Content highlight: South Africa defeated New Zealand