| Thursday, 28th December 2023, 9:00 pm

എല്ലാം വളരെ പെട്ടെന്നായിരുന്നു; സഞ്ജുവിന്റെ പുതിയ കണ്ടെത്തലിന് മുമ്പില്‍ നാണംകെട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.

സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ അക്രമണത്തിന് മുമ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയപ്പെടുകയായിരുന്നു. വിരാട് കോഹ്‌ലിക്ക് പുറമെ മറ്റൊരു താരത്തിന് പൊലും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. രണ്ട് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

സ്‌കോര്‍

ഇന്ത്യ – 245 & 131

സൗത്ത് ആഫ്രിക്ക – 408

ഇന്ത്യയുര്‍ത്തിയ 245 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് സൗത്ത് ആഫ്രിക്ക ലീഡ് സ്വന്തമാക്കിയിരുന്നു. ഡീന്‍ എല്‍ഗറിന്റെ സെഞ്ച്വറിയും മാര്‍കോ യാന്‍സെന്‍, ഡേവിഡ് ബെഡ്ഡിങ്ഹാം എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഡീന്‍ എല്‍ഗര്‍ 185 റണ്‍സ് നേടി. മാര്‍കോ യാന്‍സെന്‍ പുറത്താകാതെ 84 റണ്‍സടിച്ചപ്പോള്‍ ബെഡ്ഡിങ്ഹാം 56 റണ്‍സും നേടി. ഇവരുടെ കരുത്തില്‍ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 408 റണ്‍സാണ് നേടിയത്.

163 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ കാലിടറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ജെയ്‌സ്വാള്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്.

വണ്‍ ഡൗണായി ഇറങ്ങിയ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. 97 പന്തില്‍ നിന്നും 26 റണ്‍സ് നേടി ഗില്‍ മാര്‍കോ യാന്‍സെന് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നാലെയെത്തിയ ശ്രേയസ് അയ്യരും ആദ്യ ഇന്നിങ്‌സിലെ രക്ഷകന്‍ കെ.എല്‍. രാഹുലും നിരാശപ്പെടുത്തിയപ്പോള്‍ ഒരു വശത്ത് നിന്ന് വിരാട് കോഹ്‌ലി തന്നാലാകുന്നത് ചെയ്തു.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച വിരാടിനും ഒടുവില്‍ അടി തെറ്റി. ടീം സ്‌കോര്‍ 131ല്‍ നില്‍ക്കവെ പത്താം വിക്കറ്റായി വിരാട് മടങ്ങി. 82 പന്തില്‍ 76 റണ്‍സാണ് വിരാട് നേടിയത്.

ഇതോടെ പ്രോട്ടിയാസ് ഇന്നിങ്‌സിനും 32 റണ്‍സിനും വിജയിച്ചു.

സൗത്ത് ആഫ്രിക്കക്കായി രണ്ടാം ഇന്നിങ്‌സില്‍ നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റും നേടി. ജസ്പ്രീത് ബുംറ റണ്‍ ഔട്ടായപ്പോള്‍ കഗീസോ റബാദ രണ്ട് വിക്കറ്റും നേടി ഇന്ത്യന്‍ പതനം പൂര്‍ത്തിയാക്കി.

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ആര്‍. അശ്വിന്‍ മുഹമ്മദ് സിറാജ് എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം കൂടിയായ ബര്‍ഗര്‍ മടക്കിയപ്പോള്‍ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് യാന്‍സെന്‍ പുറത്താക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഷര്‍ദുല്‍ താക്കൂറുമാണ് റബാദക്ക് മുമ്പില്‍ വീണത്.

ജനുവരി മൂന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

Content Highlight: South Africa defeated India

We use cookies to give you the best possible experience. Learn more