ഇത് നൂറ്റാണ്ടിന്റെ തിരിച്ചുവരവ്; ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ മൈറ്റി ഓസീസ് ഒന്നുമല്ലാതായ നിമിഷം
Sports News
ഇത് നൂറ്റാണ്ടിന്റെ തിരിച്ചുവരവ്; ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ മൈറ്റി ഓസീസ് ഒന്നുമല്ലാതായ നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 7:45 am

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്ക് വിജയം. 3-2നാണ് സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് പിന്നില്‍ നിന്ന ശേഷമാണ് സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച തിരിച്ചുവരവ് നടത്തിയത്.

ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ക്യാപ്റ്റന്‍ ബാവുമ സില്‍വര്‍ ഡക്കായി മടങ്ങി.

ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ പ്രോട്ടീസ് മണ്ണില്‍ അവസാന ഏകദിനം കളിക്കാനിറങ്ങിയ ഡി കോക്കും പുറത്തായി. 29 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റില്‍ റാസി വാന്‍ ഡെര്‍ ഡുസെനും ഏയ്ഡന്‍ മര്‍ക്രമും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ വമ്പന്‍ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സമ്മതിക്കാതെ ഷോണ്‍ അബോട്ട് ആര്‍.വി.ഡിയെ മടക്കി. 48 പന്തില്‍ 30 റണ്‍സ് നേടിയാണ് ഡുസെന്‍ മടങ്ങിയത്.

നാലാം നമ്പറില്‍ ഹെന്റിച്ച് ക്ലാസന്‍ ഇറങ്ങിയപ്പോള്‍ ജോഹനാസ്‌ബെര്‍ഗ് ആവേശത്തിലായി. തൊട്ടുമുമ്പത്തെ മത്സരത്തില്‍ ക്ലാസന്‍ സ്റ്റോമില്‍ ഓസീസ് ഒന്നാകെ പറന്നുപോയിരുന്നു. എന്നാല്‍ ആ മാജിക് വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ പുറത്തെടുക്കാന്‍ ക്ലാസന് സാധിച്ചില്ല. 13 പന്തില്‍ ആറ് റണ്‍സുമായി ക്ലാസന്‍ പുറത്തായി.

എന്നാല്‍ പിന്നാലെയെത്തിയ ഡേവിഡ് മില്ലറിനൊപ്പം ചേര്‍ന്ന് മര്‍ക്രം സൗത്ത് ആഫ്രിക്കയെ താങ്ങിനിര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

സൗത്ത് ആഫ്രിക്ക സ്‌കോര്‍ 212ല്‍ നില്‍ക്കവെ അര്‍ഹിച്ച സെഞ്ച്വറിക്ക് ഏഴ് റണ്‍സകലെ മര്‍ക്രം പുറത്തായി. 87 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടക്കം 87 പന്തിലാണ് മര്‍ക്രം 93 റണ്‍സ് നേടിയത്.

പിന്നാലെയെത്തിയവരും ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. ഡേവിഡ് മില്ലര്‍ (65 പന്തില്‍ 63), മാര്‍കോ യാന്‍സെന്‍ (23 പന്തില്‍ 47) ആന്‍ഡില്‍ പെഹ്‌ലുക്വായോ (19 പന്തില്‍ 38) എന്നിവരാണ് പ്രോട്ടീസിനായി റണ്‍സ് നേടിയ മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.

ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴത്തിയപ്പോള്‍ ഷോണ്‍ അബോട്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി. കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ടിം ഡേവിഡ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഡേവിഡ് വാര്‍ണറിനെ പത്ത് റണ്‍സിനും ജോഷ് ഇംഗ്ലിസിനെ പൂജ്യത്തിനും നഷ്ടപ്പെട്ട ഓസീസ് നാല് ഓവറില്‍ 34ന് രണ്ട് എന്ന നിലയിലായിരുന്നു. മാര്‍കോ യാന്‍സെനാണ് രണ്ട് പേരെയും പുറത്താക്കിയത്.

ക്യാപ്റ്റന്‍ മാച്ചല്‍ മാര്‍ഷും മാര്‍നസ് ലബുഷാനും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ഓസീസിന് തുണയായി. മൂന്നാം വിക്കറ്റില്‍ 90 റണ്‍സാണ് ഇവര്‍ നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ 56 പന്തില്‍ 71 റണ്‍സുമായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി യാന്‍സെന്‍ ആതിഥേയര്‍ക്ക് വീണ്ടും ബ്രേക് ത്രൂ നല്‍കി.

11 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും വീണു. 63 പന്തില്‍ 44 റണ്‍സ് നേടിയ ലബുഷാനെ പുറത്താക്കി വീണ്ടും യാന്‍സെന്‍ മാജിക്. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ മടക്കി യാന്‍സെന്‍ സൗത്ത് ആഫ്രിക്കയെ 136ന് അഞ്ച് എന്ന നിലയിലേക്ക് തള്ളിയിട്ടു.

തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ ഷോണ്‍ അബോട്ടിനെയൊഴികെ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ ഒറ്റയക്കത്തിന് പുറത്താക്കിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് 34.1 ഓവറില്‍ 193ല്‍ അവസാനിച്ചു.

മാര്‍കോ യാന്‍സെന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജ് നാലും പെഹ്‌ലുക്വായോ ഒരു വിക്കറ്റും വീഴ്ത്തി.

2-0 എന് നിലയില്‍ പിന്നില്‍ നിന്ന ശേഷം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തിരിച്ചുവരവുമായി സീരീസ് സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇതേ പ്രകടനം ലോകകപ്പിലും ആവര്‍ത്തിച്ചാല്‍ തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിക്കും.

 

Content Highlight: South Africa defeated Australia to win the series